റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ദിവസത്തെ ലാഭം എത്രയെന്നറിയാമോ?: കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

single-img
21 July 2017


മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മികച്ച ലാഭം നേടാനായതായി കമ്പനി അറിയിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 12.7 ശതമാനം ലാഭ വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. 9,079 കോടിയാണ് ഏപ്രില്‍ ജൂണ്‍ പാദത്തിലെ കമ്പനിയുടെ ലാഭം. ഒരു ദിവസത്തെ മാത്രം ലാഭം 100 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 28.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോളിയം പ്രകൃതിവാതക ഖനന ബിസിനസ്സിലെ നേട്ടമാണ് ഇപ്പോഴുണ്ടായ ലാഭത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

പ്രവര്‍ത്തനത്തിനുള്ള വരുമാനം മുന്‍ പാദത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 2.5 ശതമാനത്തില്‍ കുറഞ്ഞ് 90,537 കോടിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ 26.7 ശതമാനം വര്‍ധനവുണ്ടായതായാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം പ്രവര്‍ത്തന ഫലം പുറത്തുവിടുന്നതിനു മുമ്പ്, റിലയന്‍സ് ജിയോയുടെ അവകാശ ഓഹരി ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ഓഹരികള്‍ പ്രിഫറന്‍സ് ഓഹരികളാക്കി മാറ്റാനുള്ള അവസരമുണ്ട്. അവകാശ ഓഹരികളിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബാലാജി ടെലി ഫിലിമിന്റെ 24.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നുണ്ട്്. 413 കോടി രൂപയുടെ ഇടപാടായിരിക്കും ഇത്. ഇതാദ്യമായി കമ്പനിയുടെ വിപണി മൂലധനം ജൂലായ് 17 ന് അഞ്ചുലക്ഷം കോടി കവിഞ്ഞു.