ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കത്തിച്ചതായി മൊഴി: മുഖവിലക്കെടുക്കാതെ പോലീസ്

single-img
21 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കത്തിച്ചതായി സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പോലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴായിരുന്നു അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി തന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പൊലീസ് ഒരുങ്ങുകയാണ്. കേസിലെ സുപ്രധാന തെളിവുകളിലൊന്നായ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനും അതിന് കൂട്ടു നിന്നതിനുമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത്.

അതേസമയം ഫോണ്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ചിത്രം പുറത്തേക്ക് പോയിട്ടില്ലെന്ന ആശ്വാസത്തിലാണ് പോലീസ്. എന്നാല്‍ ഒറിജിനല്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചതിനാല്‍ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പ്രതീഷ് ചാക്കോയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്നും പോലീസിന് സംശയമുണ്ട്.