ഖത്തര്‍ ഭീകര വിരുദ്ധ നിയമത്തില്‍ ഭേദഗതി; നിയമം ഉടന്‍ പ്രാബല്യത്തില്‍

single-img
21 July 2017

ഖത്തര്‍: ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഖത്തര്‍ നിലപാട് വ്യക്തമാക്കി. രാജ്യത്തെ ഭീകരത വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറായിരിക്കുകയാണ് ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി ഇക്കാര്യം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരതയുടെ നിര്‍വചനം, ഭീകര പ്രവര്‍ത്തന കുറ്റകൃത്യം, ഭീകരവാദത്തെ അംഗീകരിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, എന്നിവ വിശദീകരിക്കുന്നതാണു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പുറപ്പെടുവിച്ച വിജ്ഞാപനം. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പട്ടിക തയാറാക്കല്‍, ഇത്തരക്കാര്‍ക്ക് മേല്‍ ചുമത്തേണ്ട നിയമ നടപടികളെ സംബന്ധിച്ച വിശദീകരണം എന്നിവയും പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തീരുമാനം ചോദ്യം ചെയ്തു കൊണ്ട് പരമോന്നത നീതിപീഠത്തെ സമീപിക്കാമെന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഭീകരവാദം, ഭികരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മന്‍ ആല്‍ഥാനിയും ദിവസങ്ങള്‍ക്ക് മുമ്പ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ ഭീകരത വിരുദ്ധ നിയമം അമീര്‍ പ്രഖ്യാപിച്ചത്. ഔദ്യോഗികമായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.