മെഡിക്കല്‍ കോഴയില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി

single-img
21 July 2017

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു എ. സമ്പത്ത് എംപി വിഷയം സഭയില്‍ ഉന്നയിച്ചു. എന്നാല്‍ ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനിടെ സമ്പത്ത് എംപിയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.

ഇതേതുടര്‍ന്നു കേരളത്തില്‍നിന്നുള്ള എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വിഷയത്തില്‍ മറുപടി നല്‍കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണെന്നു പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നലെയും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയിരുന്നു.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായിരുന്നു.

ഇതിനിടെ ബിജെപിയെ കുഴപ്പത്തിലാക്കി കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായാണ് പരാതികള്‍. കൗണ്‍സില്‍ നടത്തിപ്പില്‍ അഴിമതി നടത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികളാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ജില്ലാ കമ്മറ്റികള്‍ക്കെതിരെയും കേന്ദ്രത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലായിടത്തും സാമ്പത്തിക ക്രമകേടുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. പരാതികള്‍ അന്വേഷിക്കാനായി ബിജെപി ദേശീയ നേതാക്കള്‍ ഉടന്‍ കേരളത്തിലെത്തുമെന്നും വിവരങ്ങളുണ്ട്.