ജംറയില്‍ എറിയാനുള്ള കല്ലുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമെന്ന് സൗദി

single-img
21 July 2017

റിയാദ്: ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി ജംറയില്‍ കല്ലേറ് നടത്താനുള്ള കല്ലുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണെന്നു സൗദി ഹജജ് ഉംറ മന്ത്രാലയം പറഞ്ഞു. കല്ലുകള്‍ ശേഖരിച്ചു വില്‍പന നടത്താന്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഹജജ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി മിനയിലെ ജംറയില്‍ പിശാചിന്റെ പ്രതീകങ്ങള്‍ക്ക് നേരെ കല്ലേറ് കര്‍മ്മം നടത്തേണ്ടതുണ്ട്. ജംറയില്‍ എറിയുവാന്‍ പാകത്തിലുള്ള ചെറിയ കല്ലുകള്‍ ബന്ധപ്പെട്ട അധികൃതര്‍തന്നെ മുസ്ദലിഫയിലെ വിശാലമായ മൈതാനിയില്‍ ആവശ്യാനുസരണം സൗജന്യമായി ഒരുക്കാറുണ്ട്. ഇവിടെ നിന്നുമാണ് ഹാജിമാര്‍ കല്ലുകള്‍ ശേഖരിക്കാറുള്ളത്.

എന്നാല്‍ മിനായില്‍ എറിയുവാനുള്ള കല്ലുകള്‍ വ്യാജസംഘങ്ങള്‍ വില്‍പന നടത്തുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങിനെ കല്ലുകള്‍ വിതരണം ചെയ്യാന്‍ ഹജജ് മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നുമാണ് വ്യാജ പ്രചരണം. ഓരോ സഞ്ചിയിലും 72 കല്ലുകളാണുള്ളതെന്ന് പരസ്യം ചെയ്യുന്നുണ്ട്. 800 കീശകള്‍ വാങ്ങുന്ന ഹജജ് ഗ്രൂപ്പുകള്‍ക്ക് ഒരു കീശക്ക് 3 റിയാല്‍ വീതവും 800ല്‍ കൂടുതല്‍ കീശകള്‍ വാങ്ങുന്നവര്‍ക്ക് ഒരു കീശക്ക് 2 റിയാല്‍ എന്ന തോതില്‍ നല്‍കുമെന്നാണ് പരസ്യം.

കല്ലുകള്‍ ശേഖരിച്ചു വില്‍പന നടത്താന്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇങ്ങനെയുള്ള വില്‍പന നിയമ വിരുദ്ധമെന്നും അധികൃതര്‍ പറഞ്ഞു.