ഗൂഗിള്‍ ഗ്ലാസ് വീണ്ടുമെത്തുന്നു

single-img
21 July 2017

രണ്ടുവര്‍ഷത്തിന് ശേഷം ഗൂഗിള്‍ ഗ്ലാസ് വീണ്ടുമെത്തുന്നു. പരാജയപ്പെട്ട പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെട്ട ഗൂഗിള്‍ ഗ്ലാസ് അതിനെയെല്ലാം അവഗണിച്ചാണ് തിരിച്ചെത്തുന്നത്. പുത്തന്‍ ഗൂഗിള്‍ ഗ്ലാസ് പ്രധാനമായും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തതാണ്. കണ്ണടയായി ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് സഹായകമാകും.

ജനറല്‍ ഇലക്ട്രിക്, ഫോക്‌സ്വാഗണ്‍, ബോയിംഗ് തുടങ്ങി അന്‍പതോളം കമ്പനികള്‍ ഇതിന്റെ ആദ്യഘട്ട പരീക്ഷണത്തില്‍ പങ്കാളികളാവുമെന്ന് പ്രോജക്റ്റ് തലവന്‍ ജേ കോത്താരി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പേ ഗ്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകാതെ 2015 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

ജോലിക്കാര്‍ക്കുവേണ്ടിയുള്ള ഗ്ലാസിന്റെ പ്രത്യേക രൂപകല്‍പ്പനയ്ക്കായി പരിശ്രമിക്കുകയായിരുന്നു ഗൂഗിളിന്റെ ആല്‍ഫാബെറ്റിലെ ഗവേഷകര്‍ എന്ന് കോത്താരി പറഞ്ഞു. വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ചാണ് ഗ്ലാസ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത്. മൊബൈല്‍ ഫോണുമായും വയര്‍ലെസ് കണക്ഷന്‍ സാധ്യമാണ്. ഗൂഗിള്‍ പ്ലസ് വഴി ചിത്രങ്ങളും വീഡിയോകളും മറ്റും ഷെയര്‍ ചെയ്യാം. ഇമെയിലുകളും മെസേജുകളും വീഡിയോകളും ജിപിആര്‍എസ് നാവിഗേഷനുമെല്ലാം ഈ കണ്ണടയ്ക്കുള്ളിലൂടെ കാണാം.

സ്മാര്‍ട് ഫോണ്‍ പോലെ വ്യക്തിഗത ഉപകരണമായി ഗൂഗിള്‍ ഗ്ലാസ് വിപണിയിലെത്തില്ല. എന്നാല്‍, വലിയ കമ്പനികളില്‍ വ്യാപക ഉപയോഗത്തിനു ഗ്ലാസ് ലഭ്യമാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണു ഗൂഗിള്‍ നീക്കം.