ഇന്ത്യയിലെ ഗോവധ നിരോധനത്തെ ചിത്രകഥയിലൂടെ പരിഹസിച്ച് ഫ്രാന്‍സ്

single-img
21 July 2017

ഗോവധ നിരോധനത്തിന്റെ പേരില്‍ ബീഫ് കഴിക്കുന്നവരെയും കന്നുകാലി കശാപ്പുകാരെയും തല്ലിക്കൊല്ലുന്ന ഇന്ത്യന്‍ അവസ്ഥയെ പരിഹസിച്ചുകൊണ്ടുള്ള ചിത്രകഥയിറക്കി ഫ്രാന്‍സ്. 30 പേജ് വരുന്ന ചിത്രകഥയിലൂടെയാണ് ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിക്കുന്നത്.

പശുവിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗോ സംരക്ഷണ സേന പ്രവര്‍ത്തനവും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളെയുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസ് ആണ് ചിത്രകഥയുടെ സൃഷ്ടാവ്. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദത്തിന്റെ വളര്‍ച്ചയും അവയുടെ രാഷ്ട്രീയവും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ഫ്രഞ്ച് ജനതക്ക് പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം.

വിജയകാന്ത് ചൗഹാന്‍ എന്ന ഗോ രക്ഷാ സേവകനെ കണ്ടുമുട്ടിയതിനുശേഷമാണ് ഇങ്ങനെയൊരു പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും എഴുത്തുകാരന്‍ പറയുന്നു. ഫ്രാന്‍സിലെ മനുഷ്യര്‍ നേരത്തെ കരുതിയിരുന്നത് ഇന്ത്യ ഗാന്ധിയുടെ നാടാണെന്നാണ്. അധികം വൈകാതെ ആ ധാരണ മാറികിട്ടിയെന്നും എഴുത്തുകാരന്‍ പറഞ്ഞു.