ഫഹദിന്റെ കള്ളത്തരങ്ങള്‍ കണ്ട് അമ്പരന്ന് പോയെന്ന് സത്യന്‍ അന്തിക്കാട്

single-img
21 July 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും വിമര്‍ശകര്‍ പോലും മികച്ച സിനിമയായി സ്വീകരിച്ച ഒരു ചിത്രമാണ്. ചിത്രത്തില്‍ കള്ളനായ് എത്തിയുള്ള ഫഹദ് ഫാസിലിന്റെ അഭിനയം തിയേറ്ററുകളില്‍ നിരവധി കൈയടിവാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ താരത്തിന്റെ അഭിനയം കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങള്‍ ഇവനെങ്ങനെ പഠിച്ചുവെന്ന് താന്‍ അമ്പരന്നതായി സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില ‘കാഴ്ച’ പ്രശ്‌നങ്ങള്‍ കാരണം അല്പം വൈകിയാണ് തൊണ്ടിമുതല്‍ കണ്ടത്. സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലമ്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ.

ഈ കോലാഹലം കണ്ട് സിനിമ കാണല്‍ തന്നെ മലയാളികള്‍ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുന്‌പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോള്‍ മനസ്സില്‍ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോള്‍ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകര്‍ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യമോര്‍ത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി’ എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്ക്ക് നല്‍കിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോള്‍ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങള്‍ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാന്‍ അമ്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയില്‍.

നന്ദി, ദിലീഷ് പോത്തന്‍ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണര്‍ത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.