ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥന്‍ ഉത്തരവാദിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

single-img
21 July 2017


കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് റവന്യു അഡീഷണല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. മരണത്തില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആത്മഹത്യ ചെയ്ത ജോയിയുടെ കരം സ്വീകരിക്കുന്നതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ചപറ്റിയെന്നും കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനു തെളിവില്ലെന്നും കഴിഞ്ഞ ദിവസം റവന്യുമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജോയ് ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരുമാസം തികയുമ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ജോയി ആത്മഹത്യ ചെയ്തതില്‍ പ്രേരണാക്കുറ്റം ചുമത്തിയാണു വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റു ചെയ്തത്. വില്ലേജ് ഓഫിസര്‍ സണ്ണിയെയും സിലീഷീനെയും റവന്യുവകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണു വിശദമായ അന്വേഷണത്തിനായി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യു അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയത്.

‘ആത്മഹത്യയ്ക്ക് ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാല്‍ ജോയിയുടെ ഭൂമിക്കു കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതക്കുറവുണ്ടായി. തഹസില്‍ദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്നു കാര്യമായ നീക്കമുണ്ടായില്ല. ഇതാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയതെന്നും’റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോയിയുടെ ആത്മഹത്യയ്ക്കു കുടുംബപ്രശ്‌നങ്ങളും കാരണമായെന്നും സഹോദരനുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സിലീഷ് തോമസിനു കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 21ന് രാത്രിയിലാണു സ്വന്തമായുള്ള ഭൂമിക്കു കരമടയ്ക്കാന്‍ വൈകുന്നതിലുള്ള മനോവിഷമത്തില്‍ കര്‍ഷകനായ ജോയി ചെമ്പനോട വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചത്.