റെയില്‍വെ വിളമ്പുന്നത് വൃത്തിയില്ലാത്ത ഭക്ഷണം: സി.എ.ജി പഠന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍

single-img
21 July 2017

റെയില്‍വെ കാറ്ററിംഗ് സംവിധാനം വഴി വൃത്തിയില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതായുള്ള സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. ചീത്തയായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ആളുകള്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ റെയില്‍വെയിലെ കാറ്ററിംഗ് യൂണിറ്റുകള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ വിതരണം ചെയ്യുന്ന പാനീയങ്ങളില്‍ ഉപയോഗിക്കുന്നത് പൈപ്പ് വെള്ളമാണ്. ട്രെയിനിലെ മാലിന്യ കുട്ടകള്‍ വൃത്തിയാക്കാത്ത അവസ്ഥയിലാണ്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവെയ്ക്കാറില്ലെന്നും തീവണ്ടിയിലുടനീളം എലികളെയും പാറ്റകളെയും കാണുന്നുണ്ടെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ . 80 തീവണ്ടികളിലും 74 റെയില്‍വേ സ്‌റ്റേഷനുകളിലുമാണ് സി.എ.ജി സംഘം പരിശോധന നടത്തിയത്. വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവില്‍ കൃത്രിമം നടന്നതായും മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതായും സിഎ.ജി റിപ്പോര്‍ട്ടിലുണ്ട്.

കാറ്ററിംഗ് പോളിസിയില്‍ ഇടയ്ക്കിടെ വരുത്തുന്ന മാറ്റം കാറ്ററിംഗ് സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും അതുപോലെ തന്നെ കാറ്ററിംഗ് വിഭാഗത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ റെയില്‍വെ പരാജയമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.