നേതാക്കള്‍ക്ക് പേടിപിടിച്ചു: ഇന്നത്തെ ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു

single-img
21 July 2017

ഇന്ന് ആലപ്പുഴയില്‍ ചേരാനിരുന്ന നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ബിജെപി റദ്ദാക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണു യോഗം മാറ്റിയതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. നാളെ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും.

മെഡിക്കല്‍ കോളെജ് കോഴ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അതി നിര്‍ണായകമായിരുന്നു ഇന്ന് ചേരാനിരുന്ന കോര്‍ കമ്മിറ്റിയോഗം. നേതൃത്വത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, അത് മാധ്യമങ്ങളില്‍ പ്രചരിച്ചതും പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടിയെ എത്തിച്ചത്. ഇതിനിടെയാണ് കോര്‍ കമ്മിറ്റി യോഗം റദ്ദാക്കിയത്.

അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആ ഒരു നാണക്കേട് കൂടി ഒഴിവാക്കാനാണ് കോര്‍ കമ്മിറ്റി റദ്ദാക്കിയതെന്നും സൂചനയുണ്ട്.

അതിനിടെ, ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ, ആരോപണ വിധേയനായ പാര്‍ട്ടി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.