Breaking News

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ബിജെപി: കൂടുതല്‍ നേതാക്കള്‍ കോഴ വാങ്ങി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴവിവാദത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ കുഴപ്പത്തിലാക്കാന്‍ കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ പുറത്താകുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.

എന്നാല്‍ ഈ ആരോപണം വന്നതിന് പിന്നാലെ നിയമനങ്ങള്‍, സ്ഥലം മാറ്റം, ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്ത് പണം തട്ടല്‍ തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെയാണ് ഇത്തരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്പരം ചെളിവാരിയെറിയുന്നത്.

വരും ദിവസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള നിരവധി അഴിമതി കഥകള്‍ പുറത്തുവരുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ല. വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് ഓരോ രൂപവീതം സ്വീകരിച്ച് പാര്‍ട്ടിഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയപ്പോള്‍ പല ജില്ലകളിലെയും സമ്പന്നരില്‍ നിന്ന് വന്‍തുക സംഭാവന വാങ്ങി പിരിവ് അവസാനിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ് കേരള നേതൃത്വം.

എന്നാല്‍ സംഭവം വിവാദമാകുന്നതിനു മുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് വിവരം. വടക്കന്‍ സംസ്ഥാനത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷം രൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്. ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

തൃശ്ശൂരില്‍മാത്രമാണ് പിരിവ് കൃത്യമായി നടന്നതെന്ന് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നു. മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട ഡല്‍ഹിയിലെ സതീഷ് നായര്‍ എന്ന ഇടനിലക്കാരന്‍ ഒരു ഹിന്ദുസംഘടനയുടെ നേതാവിന്റെ അടുത്ത ബന്ധുവാണ്. ഈ നേതാവിന് അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുള്ള അടുപ്പം മുതലെടുക്കാനാണ് ആരോപണ വിധേയര്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ നീക്കങ്ങളെക്കുറിച്ച് കുമ്മനത്തിന് അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന. കോഴ സംബന്ധിച്ച് മാസങ്ങള്‍ക്കുമുമ്പ് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നത് ഇപ്പോള്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ടവര്‍ തിരുവനന്തപുരത്തെ ഒരു വസ്ത്രവ്യാപാരശാല അവിഹിത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയെന്ന ആരോപണവും ഇപ്പോള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.