‘മെഡിക്കല്‍ കോഴ’യില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി: കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനും സാധ്യത

single-img
21 July 2017

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിജിലന്‍സ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അതേസമയം മെഡിക്കല്‍ കോഴ ദേശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണം ഏമേല്‍പ്പിക്കുമെന്നാണ് സുചന. കൂടുതല്‍ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ചൊല്ലിയും വിവരങ്ങള്‍ പുറത്തായതിലും സംസ്ഥാന ഘടകത്തിലെ ചേരിപ്പോരും രൂക്ഷമായിട്ടുണ്ട്. തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കമുണ്ടായെന്നാണ് എംടിരമേശിന്റെ നിലപാട്. നടപടി ആര്‍എസ് വിനോദില്‍ മാത്രം ഒതുക്കരുതെന്നാണ് മുരളീധര പക്ഷത്തിന്റെ ആവശ്യം.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ, ആരോപണ വിധേയനായ പാര്‍ട്ടി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടുകയും ചെയ്തു.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ കേരള മെഡിക്കല്‍ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വര്‍ക്കലയിലുള്ള എസ്ആര്‍ മെഡിക്കല്‍ കോളജിനായി പണം നല്‍കി എന്നാണു കോളജ് ഉടമ ആര്‍.ഷാജിയുടെ മൊഴി. പണം നല്‍കിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നല്‍കിയതാണ് അന്വേഷണത്തിനു വഴിവച്ചത്.