ചൈനയില്‍ ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടിക്ക് വിലക്ക്

single-img
21 July 2017

പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റി നടന്ന് പരിപാടി അവതരിപ്പിക്കുന്ന ലോക പ്രശസ്ത കനേഡിയന്‍ പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്. ഇന്‍ഡൊനീഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ചൈന ബീബറിന്റെ സംഗീത പരിപാടി നിരോധിച്ചത്.

‘ജസ്റ്റിന്‍ ബീബര്‍ വിവാദനായകനാണ്. അയാളുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മോശം പെരുമാറ്റത്തിന് പേരുകേട്ടവനാണെന്നാണ് മനസ്സിലാകുന്നത്. വിദേശ രാജ്യങ്ങളില്‍ ബീബര്‍ പരിപാടി അവതരിപ്പിക്കുമ്പോഴെല്ലാം വിവാദങ്ങളുണ്ടാകാറുണ്ട്. ഇത് പരിപാടി കാണാനെത്തിയവരില്‍ കടുത്ത അസംതൃപ്തി സൃഷ്ടിക്കാറുണ്ട്. ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറെപ്പോലെ മോശം പെരുമാറ്റമുള്ള കലാകാരന്‍മാരെ മാറ്റി നിര്‍ത്തുന്നത്.’എന്നതായിരുന്നു ചൈനയുടെ വിശദീകരണം.

വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ലോകം കീഴടക്കി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാഴ്‌ത്തപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളായ ബീബറിനെ നിരോധിച്ചതിനുള്ള കാരണം വ്യക്തമാക്കണമെന്ന് ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചറിനോട് ആരാധകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

നേരത്തെ പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ബീബര്‍ മുംബൈയില്‍ നടത്തിയ സംഗീത പരിപാടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ബീബര്‍ പാടാതെ വെറുതെ ചുണ്ടനക്കി പറ്റിച്ചത് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. മോഹന്‍ലാലിന്റെ ലാലിസം പരിപാടി പോലെ മുമ്പ് റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടുകള്‍ക്ക് ബീബര്‍ വെറുതെ ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടി കണ്ടവര്‍ ആരോപിച്ചത്.

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ലൈവ് പരിപാടിയാണെന്ന് കരുതി സ്റ്റേഡിയത്തിലെത്തിയ ബോളിവുഡിലെ താരങ്ങള്‍ പരിപാടി തുടങ്ങിയ ഉടനെ ഇറങ്ങി പോവുകയായിരുന്നു.

കോടിക്കണക്കിന് രൂപയായിരുന്നു പോപ്പ് രാജകുമാരന്റെ സംഗീത പരിപാടിക്കായി അന്ന് മുടക്കിയത്. സ്വകാര്യ ജെറ്റും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുമടക്കം ആവശ്യങ്ങളുടെ ഒരു നീണ്ട നിരയാണ് ബീബര്‍ സംഘാടകര്‍ക്ക് മുന്‍പില്‍ വച്ചത്. എന്നാല്‍ കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബീബര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പലരും ടിക്കറ്റ് തുക മടക്കിത്തരണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.