ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സുഷമ സ്വരാജ്

single-img
20 July 2017

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ദോക് ലാ വിഷയത്തില്‍ യുക്തിരഹിതമായ യാതൊന്നും ഇന്ത്യ ചൈനയോടു സംസാരിച്ചിട്ടില്ല. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു നയതന്ത്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നു സൈനികരെ പിന്‍വലിക്കണമെന്നു ചൈന ഭീഷണിപ്പെടുത്തുന്നുവെന്നും സുഷമ രാജ്യസഭയില്‍ വ്യക്തമാക്കി.

ഇത്രയും കാലം ചൈനയും ഭൂട്ടാനും തമ്മിലായിരുന്നു പ്രശ്‌നം നിലനിന്നിരുന്നത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ട്രൈ ജംക്ഷന്‍ പോയിന്റില്‍ ചൈന ഇടപെടാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. ട്രൈ ജംക്ഷനിലെ പൂര്‍വസ്ഥിതി ചൈന ഏകപക്ഷീയമായി മാറ്റുന്നത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും. അതുകൊണ്ട് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.

2012ലെ ഉടമ്പടി പ്രകാരം തര്‍ക്കപ്രദേശമായ ട്രൈ ജംക്ഷനില്‍ എന്തെങ്കിലും തീരുമാനമെടുക്കാാന്‍ മൂന്നു രാജ്യങ്ങളുടെയും അനുവാദം വാങ്ങണമെന്നാണ്. ജൂണ്‍ 16ന് ഇന്ത്യന്‍ സേന സിക്കിം അതിര്‍ത്തി ഭേദിച്ച് സംഘര്‍ഷം നടത്തിയെന്നാണ് ചൈനയുടെ അവകാശവാദം. ദോക് ലായില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും ചൈന ആരോപിക്കുന്നു. എന്നാല്‍ ‘ചിക്കന്‍ നെക്ക്’ എന്നറിയപ്പെടുന്ന പ്രദേശത്ത് റോഡു നിര്‍മിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വാദം.