Sports

മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന താരമാണ് മുഹമ്മദ് ഷമി. മകള്‍ ആയിറയുടെ രണ്ടാം പിറന്നാളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വീണ്ടും ഷമി ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇസ്ലാം വിരുദ്ധം എന്ന് പറഞ്ഞാണ് ഇത്തവണ ആക്രമണം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ കമന്റുകള്‍ എത്തുകയായിരുന്നു. പിറന്നാള്‍ ആഘോഷമെന്നത് ഇസ്ലാമിലില്ല. ഇതു ഇസ്ലാമിന് എതിരാണ്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതില്‍ ഈ സ്ത്രീയെ കാണേണ്ടി വന്നതില്‍ വിഷമമുണ്ട് എന്നിങ്ങനെയായിരുന്നു കമന്റുകളുടെ വരവ്.

ഇതിലും അവസാനിക്കാതെ മുഹമ്മദ് ഷമി മുസ്ലീമാണെന്ന് കരുതുന്നില്ലെന്നും ചിലര്‍ കമന്റിട്ടു. ഇതൊക്കെയാണെങ്കിലും ഷമിക്ക് പിന്തുണ നല്‍കാനും ചിലര്‍ മടിച്ചില്ല. ഇത്തരത്തില്‍ ചിന്താഗതിയുള്ളവര്‍ ഇന്നും ജീവിക്കുന്നതില്‍ അത്ഭുതമുണ്ടെന്നും ഷമി ആരാധകര്‍ പറഞ്ഞു. ഇതുപോലെയുള്ള പ്രാണികള്‍ ഇപ്പോഴും കുഴിക്കുള്ളില്‍ ഒളിഞ്ഞിരിക്കുകയാണെന്നും ആരാധകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കത്ജു നഗറില്‍ വെച്ച് ഷമിയെ ആക്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് ക്രിസ്മസ് ആഘോഷത്തിന് ഭാര്യ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ച ഫോട്ടോ ഇട്ടാണ് ഷമി വായടപ്പിച്ചത്.