ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കൈവശം വച്ചിരിക്കുന്ന ‘വിഐപി’യെ കണ്ടെത്തി: പള്‍സര്‍ പറഞ്ഞ ‘സ്രാവ്’ ഈ വിഐപിയോ?

single-img
20 July 2017

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണിനെക്കുറിച്ച് പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ ഫോണ്‍ ദിലീപിന് വേണ്ടി ഏറ്റുവാങ്ങിയത് ഒരു വിഐപിയാണെന്നാണ് സൂചന. കേസില്‍ ദിലീപിനെ സഹായിച്ചെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊബൈല്‍ വിഐപിയ്ക്ക് കൈമാറിയതായാണ് പോലീസിന് മൊഴി നല്‍കിയത്. ഇയാളെ കുറിച്ചുള്ള പേരും കൂടുതല്‍ വിവരങ്ങളും പോലീസിന് കിട്ടിയായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതീഷ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിഐപിയുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്.

ദിലീപ് അറസ്റ്റിലായതിനു ശേഷം ഒളിലില്‍ പോയ പ്രതീഷ് ചാക്കോ അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നു. പിന്നീട് ഈ ഫോണ്‍ മറ്റൊരു ‘വിഐപി’ക്ക് ദിലീപിന് വേണ്ടി നല്‍കിയെന്നാണ് പ്രതീഷിന്റെ വെളിപ്പെടുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഐപിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവില്‍ പോയിരുന്ന പ്രതീഷ് ചാക്കോ അഭിഭാഷകന്‍ മുഖേനെയാണ് അന്വേഷണസംഘവുമായി ആശയ വിനിമയം നടത്തിയത്. ഇന്നലെ പ്രതീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇന്ന് പ്രതീഷ് അന്വേഷണസംഘത്തിന് മുന്നിലെത്തുമെന്നാണ് വിവരം. മൊബൈല്‍ഫോണ്‍ കൈവശം വെച്ചത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ചോദ്യം ചെയ്യലില്‍ മറ്റെന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസ്സമില്ലെന്നും ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്നലെ കാക്കനാട് കോടതിയില്‍ ഹാജരാക്കവേ ഇപ്പോള്‍ കുടുങ്ങിയതു സ്രാവല്ലെന്നും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കവേ കഥ പകുതിയേ ആയിട്ടുള്ളൂവെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വി.ഐ.പിയോടു ചോദിക്കണമെന്നും പള്‍സര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. അതിനിടെ വിദേശത്തുവച്ച് തന്റെ സിം കാര്‍ഡ് നശിപ്പിച്ചെന്ന വാര്‍ത്ത എം.എല്‍.എ. നിഷേധിച്ചു. സ്ഥിരമായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് വിദേശയാത്രയ്ക്കിടെ നശിപ്പിച്ചെന്നായിരുന്നു ആരോപണം.

വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വോഡഫോണ്‍ സിം കാര്‍ഡാണ് കാണാതായത്. എന്നാല്‍, വിദേശയാത്രയ്ക്കിടെ അവിടത്തെ ലോക്കല്‍ സിം കാര്‍ഡ് ഐ ഫോണില്‍ ഉപയോഗിക്കേണ്ടിവന്നതിനാല്‍ വോഡഫോണ്‍ സിം കാര്‍ഡ് ഊരിമാറ്റിയെന്നും പിന്നീട് ഇതു കാണാതായെന്നും എം.എല്‍.എ. വിശദീകരിച്ചു. ആലുവ പോസ്റ്റോഫീസ് ജങ്ഷനിലുള്ള വോഡഫോണ്‍ ഔട്ട്‌ലെറ്റില്‍നിന്ന് പുതിയ സിം വാങ്ങാന്‍ വിദേശത്തുവച്ചുതന്നെ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു.

എം.എല്‍.എയുടെ ലെറ്റര്‍ ഹെഡില്‍ നല്‍കിയ അപേക്ഷപ്രകാരമാണ് പകരം സിം ലഭിച്ചത്. തന്റെ അടുത്ത സുഹൃത്തായ ദിലീപുമായി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും എം.എല്‍.എ. വ്യക്തമാക്കി. എന്നാല്‍, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങളിലെല്ലാം താന്‍ നിരപരാധിയാണെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ പ്രത്യേക പങ്കൊന്നുമില്ലാത്ത ദിലീപിനുവേണ്ടി കേസിന്റെ തെളിവുനശിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും രാഷ്ട്രീയജീവിതത്തെ കരിവാരിത്തേക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നും എം.എല്‍.എ. പറഞ്ഞു