ക്വട്ടേഷന്റെ ബുദ്ധികേന്ദ്രം ദിലീപെന്ന് പ്രോസിക്യൂഷന്‍: ‘പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ കണ്ടതിന് തെളിവ്’

single-img
20 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗവും വാദിച്ചു.

ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണം. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവരിലേക്കെത്തിച്ചേരാന്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുക്കേണ്ടത് ആവശ്യമാണെന്നും മറ്റുള്ളവരെ സ്വാധീനിക്കാന്‍ ദിലീപിന് കഴിയുമെന്നതിനാല്‍ ദിലീപിന് ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി കോടതിയെ ബോധിപ്പിച്ചു. ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ ആസൂത്രകനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എല്ലാ പ്രതികളുടെയും മൊഴികള്‍ വിരല്‍ചൂണ്ടുന്നത് ദിലീപിലേക്കാണ്. പള്‍സര്‍ സുനി നാല് തവണ ദിലീപിനെ കണ്ടിരുന്നെന്നും ഫോണ്‍വിളികളും ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം പള്‍സര്‍ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണെന്നും ദിലീപിനൊപ്പമുള്ള ഫോട്ടോ എങ്ങിനെ ഗൂഢാലോചനയ്ക്ക് തെളിവാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ. സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ലെന്നും അതുകൊണ്ടുതന്നെ പോലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല.

ബ്ലാക്‌മെയില്‍ പരാതി നല്‍കിയത് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലന്നും അഭിഭാഷകന്‍ കെ രാംകുമാര്‍ വാദിച്ചു. എന്നാല്‍ അന്വേഷണവുമായി എപ്പോള്‍ വേണമെങ്കിലും സഹകരിക്കാം. ഇപ്പോള്‍ ദിലീപിന് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സിനിമകളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ പേര് ഇതുവരെ പരാമര്‍ശിച്ചിട്ടില്ലന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള താക്കീതാണെന്നാണ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു.