ഓണ്‍ലൈന്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

single-img
20 July 2017


ഓണ്‍ലൈനില്‍ വിവിധ വിദ്യാഭ്യാസ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. യുജിസിയുടെതാണ് ഈ പുതിയ തീരുമാനം. ഇതുവഴി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനുള്ള അനുവാദം ലഭിക്കുകയുള്ളു.

ഇത്തരം കോഴ്‌സുകള്‍ക്കും തുടര്‍മൂല്യനിര്‍ണ്ണയം ഏര്‍പ്പെടുത്തും. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തിലായിരിക്കും ഇത്തരത്തിലുള്ള കോഴ്‌സുകള്‍ പ്രവര്‍ത്തിക്കുക. അടുത്തമാസം ആഗസ്റ്റ് പതിനെട്ടിനുള്ളില്‍ ഇതേക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യുജിസിയെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും വിശ്വാസ്യതയും നിലവാരവും ഉറപ്പുവരുത്തുന്നതിനായി ഇത്തരം സ്ഥാപനങ്ങളില്‍ തേര്‍ഡ് പാര്‍ട്ടി പരിശോധനയും നടത്തും. മിനിമം 3.25 എങ്കിലും NAAC  അക്രഡിറ്റേഷന്‍ സ്‌കോര്‍ ഉള്ളതും അഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമേ ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനുള്ള അനുവാദം നല്‍കൂ. മുഴുവന്‍ സമയ ഡയറക്ടര്‍, രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, അക്കാദമിക് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് പുറമേ അഞ്ഞൂറ് പേരില്‍ കൂടുതല്‍ ഉള്ള കോഴ്‌സുകള്‍ക്ക് ഒരു ടീച്ചിംഗ് അസിസ്റ്റന്റ് കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഓരോ വിദ്യാര്‍ത്ഥിക്കും ഒരു പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ മൂന്നു അധികവര്‍ഷങ്ങള്‍ കൂടി ലഭിക്കും. അതായത് മൂന്നു വര്‍ഷ കോഴ്‌സിനു ചേരുന്നവര്‍ക്ക് മൊത്തം ആറു വര്‍ഷം ലഭിക്കും. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് വേണ്ടി അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ഘട്ടങ്ങളിലായുള്ള പരിശോധനകള്‍ക്ക് ശേഷം വിജയകരമെങ്കില്‍ മാത്രമേ ഇവ നടത്താനുള്ള അനുവാദം ലഭിക്കൂ.