മോദി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ കൂടുന്നു: കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 11400 പേര്‍

single-img
20 July 2017


ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 11400 കര്‍ഷകരെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങ്. ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച് ലോകസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2015ല്‍ 12602 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നത് വഴി മാത്രമേ ആത്മഹത്യാ നിരക്ക് കുറക്കാനാവൂ എന്ന് പറഞ്ഞ മന്ത്രി ബജറ്റില്‍ കൃഷിക്ക് കൂടുതല്‍ വകയിരുത്തല്‍ ലഭിക്കാന്‍ ഇടപെടുമെന്നും പ്രഖ്യാപിച്ചു. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിര്‍ബന്ധമായും ആരംഭിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാധാ മോഹന്‍സിങ് പറഞ്ഞു.

പഞ്ചാബ് ഗുജറാത്ത് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ പലിശക്കാരില്‍ നിന്നും പണം കടംവാങ്ങേണ്ട അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ പത്ത് ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി പ്രഖ്യാപിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ നേരത്തെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിധ്യ സിന്ധ്യ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കര്‍ഷകരുടെ വിളകള്‍ക്ക് കുറഞ്ഞ വില ഉറപ്പുവരുത്താനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും വില ഉത്പന്നങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നല്‍കിയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നും ജ്യോതിരാദിത്യ സിന്ധ്യ വിമര്‍ശിച്ചിരുന്നു.