വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എംഎല്‍എ കുടുങ്ങും: പരാതി ഒതുക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്

single-img
20 July 2017

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനുമായാണ് എംഎല്‍എ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് എം വിന്‍സെന്റ് സംഭാഷണത്തില്‍ പറയുന്നുണ്ട്. എംഎല്‍എ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെടുന്നു. എം വിന്‍സെന്റ് എംഎല്‍എ ഫോണ്‍ റെക്കോഡിങ്ങില്‍ പറയുന്നത് ഇങ്ങനെയാണ്. “ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാര്‍ത്തയോ മറ്റോ വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. 100 ശതമാനം”.  എംഎല്‍എയുടെ ആവശ്യപ്രകാരം താന്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം പറഞ്ഞു.

അതേസമയം ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടമ്മ ഇതുവരെയും ബോധം വീണ്ടെടുത്തിട്ടില്ല. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അബോധാവസ്ഥയില്‍ കഴിയുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാനായാലെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ഫോണിലൂടെ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയില്‍ വന്നും ശല്യം ചെയ്‌തെന്നും ഭര്‍ത്താവ് മൊഴി നല്‍കി. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ ചുമതല കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഏല്‍പ്പിക്കുകയായിരുന്നു.