മഞ്ജുവാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത് എന്തിന്?

single-img
20 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കുരുക്കുമുറുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആവശ്യപ്പെട്ടു. കേസില്‍ മഞ്ജുവാര്യര്‍ സാക്ഷിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം. അമേരിക്കയില്‍ ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി രണ്ട് അവാര്‍ഡ് പരിപാടികളിലായിരുന്നു മഞ്ജുവാര്യര്‍ക്ക് പങ്കെടുക്കേണ്ടത്.

അതേസമയം, പരിപാടിയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കുന്നില്ലെന്നാണ് നടിയുടെ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാലിത് പോലീസ് നിര്‍ദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷെഡ്യൂളാണ് കാരണമെന്നും വക്താവ് വ്യക്തമാക്കി. അതേസമയം, മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തില്‍ പോലീസ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് അറിയിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി ബി. സന്ധ്യ മഞ്ജുവിന്റെ മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മുമ്പ് ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നായിരുന്നു പോലീസിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. മൊഴിയെടുക്കലില്‍ വിവാഹബന്ധം തകരാനിടയായ കാര്യങ്ങള്‍ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാമാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പകതോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ദിലീപ്, നാദിര്‍ഷ എന്നിവരെ പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തതും തുടര്‍ന്ന് നടന്ന അറസ്റ്റും.