മെഡിക്കല്‍ കോഴയില്‍ ലോക്‌സഭ സ്തംഭിച്ചു: കേരളാ എം.പിമാര്‍ നടുത്തളത്തില്‍

single-img
20 July 2017

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കുരുങ്ങി ലോക്‌സഭ സ്തംഭിച്ചു.മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.ബി.രാജേഷ് എംപി നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ലോകസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സി.പി.എം എം.പിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് അംഗങ്ങളും എഴുന്നേറ്റു നിന്ന് ബഹളം വെക്കുകയായിരുന്നു.

ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സമയം നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ബഹളം ശക്തമായതോടെ 11.30വരെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ എം.ബി രാജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുന്നേറ്റെങ്കിലും ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ബഹളം കാരണം നടപടികള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം കാര്‍ഷിക വിഷയവും ചര്‍ച്ച ചെയ്യണമെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും പ്രതിപക്ഷ എം.പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സഭയെ അറിയിച്ചു.

എന്നാല്‍, മെഡിക്കല്‍ കോളജ് കോഴ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് സഭയെ അറിയിക്കാന്‍ അനന്ത് കുമാര്‍ തയാറായില്ല. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് കോടികളുടെ അഴിമതി നടത്തിയതായി ബി.ജെ.പി നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്.