സംവിധായകന്‍ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍

single-img
20 July 2017

മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തെ പറ്റി അദ്ദേഹത്തെ പോലെ തന്നെ സംവിധായകരും പല ഇന്റര്‍വ്യൂകളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ ഭായ്ജിയെന്ന കഥാപാത്രമായി രൂപാന്തരം പ്രാപിച്ച് സെറ്റുകളിലെത്തിയ ലാലിന്റെ കണ്ണുകള്‍ ക്യാമറയെ തന്നെ അതിശയിപ്പിച്ച് ഫ്രെയിമില്‍ പരതുന്ന ചിത്രം തന്റെ കണ്ണുകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ടെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. വ്യൂഫൈന്ററിലൂടെ ആ രംഗം കണ്ടിരുന്ന താന്‍ കട്ട് പറയാന്‍ തന്നെ മറന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

കഥാപാത്രമായി മാറുമ്പോള്‍ ലാലിന്റെ തലമുടി തൊട്ട് കാല്‍പാദം വരെ അഭിനയത്തിന്റെ ഭാഷ പകര്‍ന്നു തരുന്നതായി തോന്നിപ്പിച്ചിട്ടുള്ളതായി പലസംവിധായകരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിന്റെ സെറ്റില്‍ സംഭവിച്ചത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യില്‍ എടുത്ത് മോഹന്‍ലാല്‍ നടന്നുവരുന്ന രംഗമായിരുന്നു ഔട്ട്‌ഡോറില്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്.

കുട്ടിയെ തന്റെ മടിയില്‍ വെച്ച് മോഹന്‍ലാല്‍ ഉച്ചത്തില്‍ കരയുന്ന സീന്‍. സദാ സൗമന്യായി ഷൂട്ടിങിന് മുന്നൊരുക്കങ്ങളില്ലാതെയെത്തുന്ന ലാല്‍ പതിവു പോലെ ഈ രംഗത്തിലുമെത്തി. സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞ് അഭിനയം തുടര്‍ന്ന ലാല്‍ ക്ലാപ്പ് ബോര്‍ഡില്‍ തട്ടി കട്ട് പറഞ്ഞിട്ടും അഭിനയം തുടരുകയായിരുന്നു. അഭിനയം കണ്ട് സെറ്റിലുണ്ടായവര്‍ കൈയടിച്ചിട്ടും മോഹന്‍ലാലിന് കഥാപാത്രത്തില്‍ നിന്നു തിരിച്ചു വരാനായില്ല. രംഗം ചിത്രീകരിച്ച് കഴിഞ്ഞിട്ടും സങ്കടം അടക്കാന്‍ കഴിയാതെ ലാല്‍ പൊട്ടിക്കരഞ്ഞു. ഇതുകണ്ട് അണിയറ പ്രവര്‍ത്തകര്‍ ഓടി അടുത്തെത്തി മോഹന്‍ലാലിനെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കോളേജ് അധ്യാപകനായ പ്രൊഫ.മൈക്കില്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=mvPnPV6yelw