അഴിമതിയെക്കുറിച്ച് ഘോരംഘോരം പ്രസംഗിച്ച ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല: കുമ്മനത്തിന് ‘ഒട്ടും വയ്യ’

single-img
20 July 2017

കേരളത്തിലെ ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ വിഷയത്തില്‍ പ്രതികരണമില്ലാതെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാധ്യമങ്ങള്‍ പ്രതികരണത്തിനായി സമീപിച്ചപ്പോള്‍ അസുഖമാണെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. വിഷയത്തില്‍ ഒരു ബിജെപി നേതാവും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

വര്‍ക്കലയിലെ മെഡിക്കല്‍ കോളേജിന് സീറ്റ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പോലീസ് അന്വേഷണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.

ബിജെപിയുടെ സംസ്ഥാന സമിതിയോഗം ശനിയാഴ്ച്ച ചേരുമ്പോള്‍ ഈ വിഷയമാകും ഇരുപക്ഷവും ഉയര്‍ത്തുക. അന്വേഷണ സമിതി അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍, പാര്‍ട്ടി അദ്ധ്യക്ഷനായ കുമ്മനം രാജശേഖരന്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാരായ ഗണേശനും, സുബാഷും മാത്രം കണ്ട റിപ്പോര്‍ട്ട് അതേപടി പുറത്ത് വന്നത് ബിജെപി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആര്‍ ഷാജിയില്‍ നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായി ആര്‍എസ് വിനോദ് വാങ്ങിയെന്നാണ് കമ്മീഷനോട് സമ്മതിച്ചത്. മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും അനുമതി തരപ്പെടുത്താന്‍ പെരുമ്പാവൂരിലെ മുസ്ലിം ഹവാല ഇടപാടുകാരന്‍ വഴി ദില്ലിയിലുള്ള സതീഷ് നായര്‍ക്ക് നല്‍കിയെന്നും വിനോദ് സമ്മതിച്ചു. ഇത് തന്റെ ബിസിനസ്സിന്റെ ഭാഗമാണെന്ന വിനോദിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
സതീഷ് നായര്‍ മുമ്പ് ഏത് കോളേജിനാണ് അനുമതി നേടിക്കൊടുത്തതെന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ആര്‍ ഷാജി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേര് പറയുന്നത്.

രണ്ട് പേര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയെന്നുമാണ് എംടി രമേശിന്റെ മൊഴി. ഡീലിന് ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെ പേര് പറയാനാകില്ലെന്നാണ് സതീഷ് നായരുടെ നിലപാട്. കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില്‍ ബിജെപി നേതാവായ രാകേഷ് ശിവരാമനും തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങാന്‍ കൂട്ടുനിന്നുവെന്നും ഷാജി പരാതിപ്പെട്ടിട്ടുണ്ട്. പരാതിക്കാരനെ കണ്ടുവെന്ന് റിച്ചാര്‍ഡേ ഹേ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി കണ്ണദാസും മൊഴി നല്‍കി.

ഗുരുതരമായ അഴിമതി നടന്നുവെന്ന് കണ്ടെത്തിയ കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്നാണ് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാവശ്യപ്പെടുന്നത്. പരമരഹസ്യമായി പാര്‍ട്ടിക്ക് ഷാജി നല്‍കിയ പരാതിയുടെ പകര്‍പ്പ് പ്രതിസ്ഥാനത്തുള്ള ആര്‍എസ് വിനോദിന് എങ്ങിനെ ചോര്‍ന്നു കിട്ടി എന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്നും കെ പി ശ്രീശനും എ കെ നസീറും ഉള്‍പ്പെട്ട കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.