റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി: സത്യപ്രതിജ്ഞ ചൊവ്വാഴ്ച്ച

single-img
20 July 2017

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദ് തെരഞ്ഞടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് കോവിന്ദ് ഇന്ത്യയുടെ പ്രഥമപൗരന്റെ കസേരയിലേക്ക് നടന്നുകയറിയത്. റാം നാഥ് കോവിന്ദ് 65.65 ശതമാനം വോട്ടുനേടി. മീരാ കുമാറിന് 34.35 ശതമാനം.

ലോക്‌സഭാ, രാജ്യസഭാ എംപിമാരില്‍ ഭൂരിപക്ഷവും റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാര്‍ മീരാ കുമാറിന് വോട്ടു ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.

ചൊവ്വാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഈ മാസം 24 നാണ് അവസാനിക്കുന്നത്.

കെആര്‍ നാരായണന് ശേഷം ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ രാം നാഥ് കോവിന്ദ്. ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് കോവിന്ദ് സര്‍വസൈന്യാധിപനായുള്ള മല്‍സരത്തിനിറങ്ങിയത്. പ്രഥമപൗരനാകുന്ന ആദ്യ ആര്‍എസ്എസുകാരന്‍ എന്ന പ്രത്യേകതയും റാം നാഥ് കോവിന്ദിനുണ്ട്.

1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തില്‍ ജനനം. മൈക്കുലാല്‍ കലാവതി ദമ്പതികളുടെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയവന്‍. നെയ്ത്ത് തൊഴിലാക്കിയ കോരി അഥവാ കോലി സമുദായാംഗം. കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോമും എല്‍എല്‍ബിയും പാസായശേഷം അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷം പ്രാക്ടീസ്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചെങ്കിലും അഭിഭാഷകനായി തുടരാന്‍ തന്നെയായിരുന്നു തീരുമാനം. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. കൊല്‍ക്കത്ത ഐഐഎമ്മിന്റെയും ലക്‌നൗ ബിആര്‍ അംബേദ്ക്കര്‍ സര്‍വകലാശാലയുടെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം. കോലി സമുദായത്തിന്റെ അഖിലേന്ത്യാസംഘടനയുടെ അമരക്കാരനായിരുന്നു.

പിന്നീട് പുതിയ ആകാശങ്ങള്‍തേടി അഭിഭാഷകവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസില്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വക്താവായും ദലിത് മോര്‍ച്ച അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1994 ലും 2000 ലും രാജ്യസഭാംഗമായിരുന്നു.