‘ജുനൈദിന്റെ’ കുടുംബത്തിന് ലീഗിന്റെ കൈത്താങ്ങ്: പിതാവിന് ടാക്‌സി കാര്‍ കൈമാറി

single-img
20 July 2017

ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ആക്രമികള്‍ കൊലപ്പെടുത്തിയ ഹാഫിദ് ജുനൈദിന്റെ കുടുംബത്തിന് മുസ്ലീംലീഗിന്റെ സഹായം. ജുനൈദിന്റെ പിതാവിന് മുസ്ലീംലീഗ് ടാക്‌സി കാര്‍ കൈമാറി. ഫരീദാബാദില്‍ നടന്ന ചടങ്ങിലായിരുന്നു മാരുതി ഇക്കോ കാര്‍ നല്‍കിയത്. ടാക്‌സി ഓടിച്ച് ജീവിച്ചിരുന്ന ജുനൈദിന്റെ പിതാവ് ജലാലുദ്ദിന്റെ ഓട്ടോറിക്ഷ നേരത്തെ വിറ്റിരുന്നു.

ജുനൈദിന്റെ മരണശേഷം വീണ്ടും ഉപജീവനമാര്‍ഗ്ഗത്തിനായി പിതാവ് ടാക്‌സി ഡ്രൈവിംഗിലേക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇതേത്തുടര്‍ന്നാണ് ടാക്‌സി കാര്‍ നല്‍കിയത്. മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ കാറിന്റെ താക്കോല്‍ കൈമാറി.

പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മനുഷ്യത്വരഹിതമായി നടത്തുന്ന കൃത്യങ്ങളുടെ ഇരകളോട് ഈ രീതിയിലും നമ്മള്‍ക്ക് ഒപ്പം നില്‍ക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം കേരളത്തിലെത്തിയപ്പോള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചിരുന്നു.