പുതിയ വെളിപ്പെടുത്തലുമായി ജിന്‍സന്‍: ‘സുനി പലതവണ നാദിര്‍ഷായെ വിളിച്ചിരുന്നു

single-img
20 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് പലവട്ടം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിന്‍സന്റെ മൊഴി. സൗഹൃദത്തോടെയായിരുന്നു ഇരുവരുടെയും സംസാരമെന്നും ജിന്‍സന്‍ വ്യക്തമാക്കി. പണത്തെക്കുറിച്ചായിരുന്നു സംഭാഷണമെന്നും നടി കാവ്യാമാധവന്റെ കടയെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നതായും ജിന്‍സന്‍ പറഞ്ഞു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ജയിലിലേക്കു ഒളിപ്പിച്ചു കടത്തിയ ഫോണ്‍ ഉപയോഗിച്ചായിരുന്നു സംഭാഷണം. ഫോണില്‍ അപ്പുണ്ണി എന്നൊക്കെ വിളിക്കുന്നത് താന്‍ കേട്ടിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായെ പലതവണ വിളിച്ചിരുന്നു. സെറ്റിലോ സ്റ്റേജ് പ്രോഗ്രാമിലോ ആണെന്ന രീതിയിലാണ് നാദിര്‍ഷാ മറുപടി പറഞ്ഞിരുന്നത്. സെറ്റിലാണ് എന്ന വാക്കാണ് തനിക്ക് മനസിലായത്.

പണമിടപാടിനെക്കുറിച്ചാണ് സുനിയും നാദിര്‍ഷായും സംസാരിച്ചിരുന്നത്. സ്വന്തം കാര്യമല്ല പ്രധാനമായും സുനി സംസാരിച്ചിരുന്നത്. വിജീഷ് ഉള്‍പ്പെടെ രണ്ടുമൂന്നു കൂട്ടുപ്രതികളുടെ കാര്യങ്ങളാണ് സുനി പറഞ്ഞിരുന്നത്. ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. ഇതിലൊരാളുടെ വീട് ജപ്തി ചെയ്യാന്‍ പോവുകയാണ്, സഹായിക്കണം എന്നതരത്തിലായിരുന്നു സുനിയുടെ സംഭാഷണങ്ങളെന്നും’ ജിന്‍സന്‍ പറഞ്ഞു.

കാര്യം കഴിഞ്ഞാല്‍ തള്ളിക്കളയാന്‍ പറ്റുന്നതരത്തിലുള്ള ബന്ധമല്ല ഞങ്ങള്‍ തമ്മിലെന്നു സുനി പലപ്പോഴും പറഞ്ഞിരുന്നതായി ജിന്‍സന്‍ പറയുന്നു. ഇതുമാത്രമല്ല ഞങ്ങള്‍ തമ്മിലുള്ളത് എന്നും സുനി സൂചിപ്പിച്ചു. നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും വിഡിയോയില്‍ എന്തായാലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്വട്ടേഷനെക്കുറിച്ച് സുനി പറഞ്ഞത്. തന്നെ ഏല്‍പ്പിച്ച ആളുകള്‍ അങ്ങനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന തരത്തിലായിരുന്നു സുനിയുടെ സംസാരം.

കാവ്യയുടെ കടയില്‍ എന്ന വാക്കു ഫോണ്‍ സംഭാഷണത്തിനിടെ പറയുന്നതു കേട്ടിരുന്നു. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുമ്പോഴാണ് കാവ്യയുടെ കട എന്താണെന്ന് ശരിക്കും തനിക്ക് മനസിലായത്. കാവ്യയുടെ കടയില്‍ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണില്‍ പറഞ്ഞത്. കത്ത് ആയിരിക്കും നല്‍കിയിട്ടുണ്ടാകുക എന്നാണ് താന്‍ മനസിലാക്കിയതെന്നും ജിന്‍സന്‍ പറഞ്ഞു.

കാവ്യയുടെ കടയില്‍ കൊടുത്തത് മെമ്മറി കാര്‍ഡ് ആയിരിക്കും എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കില്‍ കേസ് ഒത്തുതീര്‍പ്പായേനെ എന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍നിന്നു തോന്നുന്നത്. വേറെ പ്രശ്‌നങ്ങളൊന്നു ഉണ്ടാകില്ലായിരുന്നു. സുനില്‍കുമാര്‍ വളരെ വിശ്വസ്തനായിരുന്നു. സുനില്‍ അങ്ങനെയായിരുന്നു പെരുമാറിയിരുന്നത്.

‘തന്നെ പൊലീസിന്റെ ചാരന്‍ ആയാണ് മാധ്യമ വാര്‍ത്തകളില്‍ വിശേഷിപ്പിച്ചിരുന്നത്. താന്‍ ധരിച്ചിരുന്ന നല്ല ഷര്‍ട്ട് പള്‍സര്‍ സുനി എടുത്തു. ഇതിനു പകരമായി സുനിയുടെ ഷര്‍ട്ടിട്ടാണ് താന്‍ പുറത്തിറങ്ങിയത്. ഇതുകണ്ടാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തിരിച്ചു വിളിപ്പിച്ചത്. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂര്‍ സിഐ തന്നോടു പറഞ്ഞത്. പള്‍സര്‍ സുനിയെ കരുവാക്കിയവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്ന് ഉറപ്പിച്ചതിനാല്‍ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നുവെന്നും’ ജിന്‍സന്‍ പറഞ്ഞു.

തൃശൂര്‍ പീച്ചി സ്വദേശിയായ ജിന്‍സന്‍ മാലപൊട്ടിക്കല്‍ കേസുകളിലെ സ്ഥിരംപ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റുചെയ്തു കാക്കനാട് ജയിലില്‍ അയച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായി മാറുന്നത്. ഈ കേസില്‍ ജിന്‍സന്റെ മൊഴികളായിരുന്നു നിര്‍ണായകമായ പുതിയ അറസ്റ്റുകളിലേക്ക് പൊലീസിനെ നയിച്ചത്.