തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ രോഗിയുടെ ഗിറ്റാര്‍ വായന !

single-img
20 July 2017

Support Evartha to Save Independent journalism

ബെംഗളൂരു: തലച്ചോര്‍ തുരന്നുള്ള അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. 32 കാരനായ ടെക്കി യുവാവാണ് ന്യൂറോളജിക്കല്‍ ഡിസോഡറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്കിടെ ഗിറ്റാര്‍ വായിച്ചത്.

ഗിറ്റാറിസ്റ്റായ ഈ യുവാവിന് ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന രോഗാവസ്ഥയായിരുന്നു. ഇതേത്തുടര്‍ന്ന് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഇടതു കൈയിലെ മൂന്നു വിരലുകള്‍ ചലിക്കാത്ത സ്ഥിതിയായിരുന്നു. ഈ രോഗം ഭേദമാക്കാനാണു തലച്ചോര്‍ തുരന്നു ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ പ്രശ്‌നമുള്ള ഞരമ്പുകള്‍ കരിയിച്ചു കളയുന്നതായിരുന്നു ചികിത്സ.

കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു മനസ്സിലാക്കുന്നതിനാണു ശസ്ത്രക്രിയ ടേബിളില്‍ രോഗിയെക്കൊണ്ടു ഡോക്ടര്‍മാര്‍ ഗിറ്റാര്‍ വായിപ്പിച്ചത്. ചെറിയതോതില്‍ അനസ്തീഷ്യ നല്‍കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ഗിറ്റാര്‍ വായിക്കുമ്പോഴാണ് രോഗിക്ക് ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നതിനാല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിന്റെ ഫലം അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അറിയേണ്ടിയിരുന്നുവെന്ന് യുണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്കു മുന്‍പായി പ്രത്യേകമായി നിര്‍മിച്ച ഫ്രെയിം നാല് സ്‌ക്രൂവിന്റെ സഹായത്തോടെ രോഗിയുടെ തലയില്‍ ഘടിപ്പിക്കുകയായിരുന്നു. ഇതുവഴി എംആര്‍ഐ സ്‌കാന്‍ നടത്തി. ഒന്‍പതു സെന്റീമീറ്ററോളം ആഴത്തിലായിരുന്നു പ്രശ്‌ന ബാധിതമായ ഞരമ്പ്. തലയോട്ടിയില്‍ എവിടെ തുരന്ന് ശസ്ത്രക്രിയ ചെയ്യണമെന്നും എംആര്‍ഐയില്‍ നിന്നു വ്യക്തമായി.

ഇതേത്തുടര്‍ന്ന് 14 മില്ലീമീറ്റര്‍ ആഴത്തില്‍ കുഴിച്ച് പ്രത്യേക ഇലക്ട്രോഡ് തലച്ചോറിലേക്കു കടത്തിയാണ് ഞരമ്പുകളെ കരിയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം പൂര്‍ണാരോഗ്യത്തോടെ ഇയാള്‍ ആശുപത്രി വിട്ടു. ശസ്ത്രക്രിയ ടേബിളില്‍ വച്ചുതന്നെ തനിക്കു കൈവിരലുകള്‍ അനായാസം ചലിപ്പിക്കാനായെന്ന് യുവാവ് പ്രതികരിച്ചു.