ചിത്രങ്ങള്‍ എട്ടുനിലയില്‍പൊട്ടിയപ്പോഴും ദിലീപിന്റെ ‘പോക്കറ്റ്’ മാത്രം വീര്‍ത്തു: ‘കേന്ദ്ര’ അന്വേഷണത്തില്‍ താരം ‘കടപുഴകി വീഴും’?

single-img
20 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനുമേല്‍ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍. ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണിവര്‍. ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികളുടെ ഇടപെടല്‍.

ദിലീപ് ഒടുവില്‍ അഭിനയിച്ച 14 ചിത്രങ്ങളില്‍ 9 എണ്ണവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. പക്ഷേ മള്‍ട്ടി പ്ലക്‌സുകളില്‍ നിന്നും മറ്റും ഇദ്ദേഹത്തിന് വലിയ വരുമാനമുണ്ടായതായാണ് സംശയിക്കുന്നത്. ഭൂമിയിടപാടുകളിലും വന്‍ തുകകള്‍ മറിഞ്ഞിട്ടുണ്ട്.

താരസംഘടനയായ അമ്മയ്ക്കു വേണ്ടി പണം സമാഹരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ദിലീപാണ്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദിലീപ് സിനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ ശേഖരിച്ചു കഴിഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം, ആദ്യ സീസണ്‍ പരാജയപ്പെട്ടിട്ടും വീണ്ടും നടത്തുന്ന ക്രിക്കറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനും വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. ദിലീപിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ആലുവ പൊലീസ് ക്ലബ്ബിലെത്തി പൊലീസ് രേഖകളും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളും താരതമ്യം ചെയ്തിരുന്നു.

ഹവാല കേന്ദ്രമായ ദുബായിയിലേയ്ക്ക് അധിക താല്‍പ്പര്യത്തോടെ മലയാള സിനിമ തിരിഞ്ഞത് അഞ്ചു വര്‍ഷം മുന്‍പാണ്. ഹവാല ലോബിയുടെ പണം വെളുപ്പിക്കല്‍ മലയാള സിനിമയില്‍ സജീവമാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു.