ഡ്രൈവര്‍മാര്‍ ജാഗ്രതൈ!: ഗതാഗത നിയമം ലംഘിച്ചതിന് സസ്‌പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സ്

single-img
20 July 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ 4,402 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം 2,629 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കര്‍ശന നടപടികളിലേക്കു കടക്കാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

തലശേരിയില്‍ ഒരു വാഹനം തന്നെ 160 തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഒരു വാഹനം തന്നെ ഇരുപതു തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച നാല്‍പ്പതിലധികം കേസുകളാണ് നിലവിലുള്ളത്. ബന്ധപ്പെട്ട ആ.ര്‍.ടി.ഒ.മാര്‍ക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രത്യേക പട്ടികയും മോട്ടോര്‍വകുപ്പ് തയ്യാറാക്കി വരികയാണ്.

അതേസമയം നിയമനടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതായി ഗതാഗത വകുപ്പ് കമ്മീഷ്ണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘനങ്ങള്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സസ്‌പെന്‍ഡ് ചെയ്താല്‍ മൂന്നു മാസം കഴിഞ്ഞേ ലൈസന്‍സ് ലഭിക്കൂ. പിന്നെയും നിയമലംഘനം തുടര്‍ന്നാല്‍ കൂടുതല്‍ കാലയളവിലേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മദ്യപിച്ച് വാഹനമോടിച്ചതിന് 2,300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 1,728 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 1,553 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 191 പേരുടെ ലൈസന്‍സുകളും സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 30 ഉം ഓവര്‍ സ്പീഡിന് ഏഴുമാസത്തിനിടെ 1,21,000 കേസുകളും നിലവിലുണ്ട്. കൂടാതെ ഗുഡ്‌സ് വാഹനങ്ങളില്‍ ആളെ കയറ്റല്‍, റെഡ് ലൈറ്റ് ലംഘനം എന്നീ കേസുകള്‍ക്കുമാണ് പലരും പിടിയിലായിരിക്കുന്നത്.