താരനിശകളില്‍ നിന്നുള്ള പ്രതിഫലമായി ലഭിച്ചത് എട്ട് കോടി; കാണിച്ചത് രണ്ടുകോടി: ‘അമ്മ’യില്‍ കോടികളുടെ നികുതിവെട്ടിപ്പ്

single-img
20 July 2017

കൊച്ചി: താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. എട്ട് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പാണ് സംഘടന നടത്തിയിരിക്കുന്നത്. താരനിശകളുടെ പ്രതിഫലം മറച്ചുവെച്ചെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം അമ്മയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ സംഘടന ഇതിനെതിരെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്. റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്റ്റേയും ഹൈക്കോടതിയില്‍നിന്ന് അമ്മ വാങ്ങിയിട്ടുണ്ട്. എട്ട് കോടിയിലധികം രൂപ താരനിശകളില്‍ നിന്നുള്ള പ്രതിഫലമായി ലഭിച്ചുവെങ്കിലും, കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വെച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് സംഘടനയുടെ വിശദീകരണം.

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഹാജരാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം അമ്മയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പിടി തോമസ് ആരോപിച്ചു. നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.