ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍ സൂക്ഷിക്കാം

single-img
20 July 2017

ഇന്ത്യയില്‍ ഏതൊരു സേവനങ്ങള്‍ക്കും ഇന്ന് ആധാര്‍ നിര്‍ബന്ധമായികൊണ്ടിരിക്കുകയാണ്. എപ്പോഴും കയ്യില്‍ കൊണ്ടു നടക്കേണ്ട ഒരു അവിഭാജ്യ ഘടകമായി ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആധാര്‍ മാറിക്കഴിഞ്ഞു. ആധാര്‍ കൈവശം കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാല്‍ ആധാര്‍ കാര്‍ഡ് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാനുള്ള ആപ്പുമായാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) രംഗത്തെത്തിയിരിക്കുന്നത്.

എംആധാര്‍ (mAadhaar) എന്ന ആപ്പാണ് യുഐഡിഎഐയുടെ സംഭാവന. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് 5.0യ്ക്ക് മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ആപ്പ് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് UIDAI ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്മാര്‍ട്ട്‌ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന ഉദ്ദേശ്യം.

ആധാര്‍ വ്യക്തിത്വം മൊബൈല്‍ ഫോണിലും കൊണ്ടുനടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. വ്യക്തികള്‍ക്ക് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനും അണ്‍ ബ്ലോക്ക് ചെയ്യാനും കഴിയും. ക്യു ആര്‍ കോഡ് വഴി ആളുകള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണുകയും ഷെയര്‍ ചെയ്യാനും സാധിക്കും. എസ്എംഎസ് രൂപത്തിലുള്ള ഒടിപി സംവിധാനത്തിന് പകരം സമയത്തിന് അനുസരിച്ചുള്ള ടിഒടിപി സുരക്ഷയാണ് mAadhaarലുള്ളത്.