പുത്തന്‍ സാങ്കേതിക വിദ്യയുമായി ഷവോമി എം.ഐ മാക്‌സ് 2 വിപണിയിലെത്തി

single-img
19 July 2017


മൊബൈല്‍ വിപണിയില്‍ വീണ്ടും ഷവോമി തരംഗം. ഷവോമി ഫാബ്‌ലൈറ്റ് ശ്രേണിയില്‍ വരുന്ന എം.ഐ മാക്‌സ് 2 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. മുന്‍ മോഡലായ എം.ഐ മാക്‌സിന് പിന്‍ഗാമിയായെത്തിയ ഈ ഹാന്‍ഡ് സെറ്റ്, ആദ്യഫോണിനു സമാനമായ ഡിസൈന്‍ ഭാഷ നിലനിര്‍ത്തി ഹാര്‍ഡ് വെയര്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ജൂലൈ 20 മുതല്‍ ആണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. ഷവോമി വെബ്‌സൈറ്റുവഴിയും സ്‌റ്റോറുകള്‍ വഴിയും പുതിയ ഫോണ്‍ ലഭ്യമാകും. 6.44 ഇഞ്ച് വലുപ്പമുള്ള മികച്ച ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

4 ജിബി റാം 64 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് എന്നിവയോടെയെത്തുന്ന ഈ ഗാഡ്ജറ്റില്‍ സോണിയുടെ ഐമാക്‌സ് 386 എക്‌സ്‌മോര്‍ ആര്‍എസ് സെന്‍സറുള്ള 12 എംപി എഫ്/ 2.2 ക്യാമറയാണുള്ളത്. ഇതിനൊപ്പം ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷും നല്‍കിയിരുന്നു. സോണിയുടെ ഐ.എം.എക്‌സിന്റെ സെന്‍സറാണ് കാമറയുടെ പ്രധാനപ്രത്യേകത.

അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ചാര്‍ജ് കയറുന്ന ക്യുക്ക് ചാര്‍ജ് സിസ്റ്റമാണ് ഉള്ളത്. ഒരു ദിവസം വരെ നില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന് ഉള്ളത്. ഇത്തരത്തില്‍ പുതിയ മൊബൈല്‍ ടെക്‌നോളജിയുമായി രംഗത്തിറങ്ങുന്ന ഫോണിന് വില നിശ്ചയിച്ചിരിക്കുന്നത് 16,999 രൂപ. മുന്‍ മോഡലിലെ മോണോ സ്പീക്കര്‍ ഒഴിവാക്കി സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ മോഡലിന്റെ വരവ് .