വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!: ‘എട്ടിന്റെ പണികിട്ടും’

single-img
19 July 2017

മൊബൈല്‍ ഡേറ്റക്ക് സ്പീഡ് പോരെന്ന കാരണത്താല്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ മൂന്നാമതൊരാളുടെ നിരീക്ഷണത്തിലാണ്. പബ്ലിക് വൈഫൈയും ഓപ്പണ്‍ വൈഫൈയും അടിച്ചുമാറ്റുമ്പോള്‍ നിങ്ങളുടെ മൊബൈലിലുള്ള രഹസ്യങ്ങളെല്ലാം വേറൊരാള്‍ ചോര്‍ത്തുന്നുണ്ടാവും.

പബ്ലിക് വൈഫേയില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും മൂന്നാമതൊരാള്‍ക്ക് അനായാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോയും ഫോട്ടോകളും കൈമാറ്റം ചെയ്യുന്നതിന് പബ്ലിക് വൈഫൈ എന്ന ചതിക്കുഴിയാണ് നിരവധിയാളുകള്‍ തിരഞ്ഞെടുക്കുന്നത്. ഇത് രഹസ്യങ്ങള്‍ ചോരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 73 ശതമാനം ആളുകളും വൈഫൈ ലഭിച്ചാല്‍ അത് മാക്‌സിമം മുതലാക്കുന്നവരാണ്. 19 ശതമാനം ആളുകള്‍ സ്വന്തം ഇമെയില്‍ പരിശോധിക്കാന്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തില്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം പേരും അപകടത്തിലാണെന്നാണ് നോര്‍ടോണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട് 2017 പറയുന്നത്. ഫോണുകള്‍ സംരക്ഷിക്കാനായി എത്ര ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സൈബര്‍ ആക്രമികള്‍ക്ക് മുന്നില്‍ ഇതെല്ലാം വെറുതെയാണെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ പാസ്‌വേര്‍ഡ് ഇല്ലാത്ത പബ്ലിക് വൈഫൈ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്.

വൈഫൈയിലൂടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതും, വ്യകതിപരമായ വിവരങ്ങള്‍ കൈമാറുന്നതും, ഇമെയില്‍ പരിശോധിക്കുന്നതുമെല്ലാം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.