360 രൂപ മോഷ്ടിച്ച കേസില്‍ വിധി വന്നത് 29 വര്‍ഷത്തിനു ശേഷം: ആ വിധി എന്തെന്നല്ലേ..?

single-img
19 July 2017


ഒരു ബാലരമ കഥയോ അമര്‍ ചിത്രകഥയെന്നോ തോന്നാം. അതാണ് 29 വര്‍ഷം മുമ്പ് നടന്ന ഈ മോഷണ കഥയും തുടര്‍ന്നു വന്ന കോടതി വിധിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതില്‍ കള്ളന്‍മാരായ വിക്രമന്റെയും മുത്തുവിന്റെയും റോളുകള്‍ യഥാര്‍ഥ ജീവിതത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് മൂന്ന് കള്ളന്‍മാരാണ്‌.  ചന്ദ്രപാല്‍, കനയ്യലാല്‍, സര്‍വ്വേശ്.

സംഭവം നടക്കുന്നത് 1988 ഒക്ടോബര്‍ 21നാണ്. ഷാജഹാന്‍പുറില്‍ നിന്ന് പഞ്ചാബിലേക്ക് ജോലി അന്വേഷിച്ച് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന വാജിദ് ഹുസൈനു സമീപം ചന്ദ്രപാല്‍, കനയ്യലാല്‍, സര്‍വ്വേശ് എന്നിവരെത്തി. തുടര്‍ന്ന് വിശേഷങ്ങള്‍ പറഞ്ഞു പതുക്കെ വാജിദുമായി സൗഹൃദം സ്ഥാപിച്ച സംഘം ഇയാള്‍ക്ക് ചായയില്‍ ലഹരിമരുന്ന് കലക്കി നല്‍കി. ബോധരഹിതനാക്കിയ ശേഷം പോക്കറ്റിലുണ്ടായിരുന്ന 360 രൂപ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പക്ഷെ ഇതു ഒന്നുമല്ല കേസില്‍ രസകരമായ സംഭവം.

അന്വേഷണത്തില്‍ പോലീസ് പ്രതികളെ പിടികൂടി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചെങ്കിലും പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം ചന്ദ്രപാല്‍ മരിച്ചുപോയ വിവരം കോടതിയെ അറിയിച്ചതോടെ ശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണയാരംഭിച്ചു.

തുടര്‍ന്ന് 2012ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. അനന്തമായി നീണ്ട നടപടി ഒടുക്കം പൂര്‍ത്തിയാക്കി കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും. സംഭവം നടക്കുമ്പോള്‍ 30 കാരനായ വാജിദിന് ഇപ്പോള്‍ പ്രായം 59. കനയ്യയും സര്‍വേശും അറുപതുകളിലും.

സംഭവം നടന്ന് 29 വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുവര്‍ക്കും മുതിര്‍ന്ന മക്കളും പേരക്കുട്ടികളുമൊക്കെയായി. തങ്ങള്‍ അന്ന് ആ ചെറുപ്പക്കാരനോട് ചെയ്തത് തെറ്റായിപ്പോയി എന്നു സമ്മതിക്കുന്ന ഇരുവരും ചെറുപ്പത്തിന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണിതെന്നാണ് പറയുന്നത്. ജയില്‍ ശിക്ഷയെക്കാള്‍ വിചാരണയുടെ പേരില്‍ ഇത്രകാലം കേസിന്റെ പിന്നാലെ നടക്കേണ്ടി വന്നതാണ് യഥാര്‍ത്ഥ ശിക്ഷയെന്നും ഇരുവരും പറയുന്നു. ഒടുവില്‍ നീതിപീഠത്തില്‍ നിന്നും നീണ്ട ഇരുപത്തൊന്‍പതു വര്‍ഷത്തിനൊടുവില്‍ നീതി ലഭിച്ച സന്തോഷത്തിലാണ് വാജിദ് കോടതി വിട്ടത്.
.