ഹോസ്റ്റല്‍ സൗകര്യമില്ല: കേന്ദ്ര സര്‍വ്വകലാശാലയിലെ ലൈബ്രറിയില്‍ ‘ഉറക്ക സമരവുമായി’ പെണ്‍കുട്ടികള്‍

single-img
19 July 2017

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം ശക്തമായി. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര സര്‍വ്വകലാശാലയിലെ ലൈബ്രറി പിടിച്ചെടുത്ത് അവിടെ തന്നെ ഉറങ്ങിയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധമറിയിച്ചത്.

പെരിയയിലുള്ള പ്രധാന ക്യാംപസ് കയ്യടക്കി ഒക്കുപൈ ക്യാംപസ് സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വകലാശാലയുടെ പ്രധാന ക്യാമ്പസുകളായ പെരിയ, പന്നക്കാട്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ ഒരേ സമയമാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. 200ലധികം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിന് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തത്. ഒരോ കോഴ്‌സിലും 10 സീറ്റ് വീതം വര്‍ധിപ്പിച്ചുവെങ്കിലും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇതോടൊപ്പം വര്‍ധിപ്പിക്കാത്തതാണ് വിദ്യാര്‍ത്ഥിനികളെ സമരത്തിലേക്ക് നയിച്ചത്.

അടിസ്ഥാനപരമായ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാതെ സീറ്റ് വര്‍ദ്ധനവ് നടപ്പാക്കരുതെന്ന് സ്റ്റുഡന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെയാണ് അധിക്യതര്‍ സീറ്റ് വര്‍ധിപ്പിച്ചത്. അതിനുശേഷം അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുമെന്ന് വിസി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും നടപ്പായില്ല. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും വിസി നല്‍കിയ വാക്ക് പാലിക്കാതെ വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

ഹോസ്റ്റല്‍ സൗകര്യം ലഭിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. വൈസ് ചാന്‍സലറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന അഡ്മിന്‍ ബ്ലോക്ക് പിടിച്ചെടുത്തുള്ള പ്രതിക്ഷേധത്തിലാണ് വിദ്യാര്‍ത്ഥികളിപ്പോള്‍.