പരിഷ്‌കരിച്ച നിതാഖാത്ത് മലയാളികള്‍ക്ക് തിരിച്ചടിയോ?: പത്ത് ലക്ഷത്തോളംപേരെ ബാധിക്കും

single-img
19 July 2017

റിയാദ്: സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിതാഖാത്തിന്റെ വിശദാംശങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി പരിഷ്‌കരിച്ച നിതാഖാത്ത് സെപ്തംബര്‍ മൂന്ന് മുതല്‍ നിലവില്‍ വരും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമേഖലയ്ക്കും വലുപ്പത്തിനും അനുസൃതമായി പുതിയ അനുപാതം നിശ്ചയിച്ചും പുതുതായി ചില മേഖലകളെ ഉള്‍പ്പെടുത്തിയുമുള്ള പരിഷ്‌കരണം പത്ത് ലക്ഷത്തോളം വരുന്ന സൗദിയിലെ മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകും.

ആഭരണനിര്‍മാണം, ഹജ്ജ് ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡെയ്‌റി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷറുകള്‍, വികലാംഗ പരിചരണകേന്ദ്രം, ലേഡീസ് ഉല്‍പ്പന്നം, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെല്‍ത്ത് കോളേജ്, ബ്യൂട്ടിപാര്‍ലര്‍, ലേഡീസ് ടെയ്‌ലറിങ് കേന്ദ്രം, യൂണിവേഴ്‌സിറ്റി കോളേജ്, കെമിക്കല്‍ ധാതുവ്യവസായം, ഭക്ഷ്യവസ്തു പ്ലാസ്റ്റിക് നിര്‍മാണം എന്നീ മേഖലകളെയാണ് പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശികളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നഴ്‌സറി സ്‌കൂളുകള്‍ക്ക് പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം ഇടത്തരം വിഭാഗത്തില്‍ ഇടം നേടണമെങ്കില്‍ എണ്‍പത്തിയഞ്ചു ശതമാനം സൗദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവില്‍ ഇത് നാല്‍പ്പത്തിയാറു ശതമാനമാണ്. നിര്‍മാണമേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ സ്വദേശീവല്‍ക്കരണം പത്ത് ശതമാനത്തില്‍ നിന്നും പതിനാറ് ശതമാനമായി വര്‍ധിപ്പിക്കണം.

ജ്വല്ലറികള്‍ ഇരുപത്തിയെട്ടു ശതമാനത്തില്‍ നിന്നും മുപ്പത്തിമൂന്നു ശതമാനമായും, ഫാര്‍മസികള്‍ പതിനൊന്നു ശതമാനത്തില്‍ നിന്നും പത്തൊമ്പത് ശതമാനമായും ടെലികോം കമ്പനികള്‍ മുപ്പത്തി മൂന്നു ശതമാനത്തില്‍ നിന്നും നാല്‍പ്പതിയഞ്ചു ശതമാനമായും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കേണ്ടി വരും. ബസ് കമ്പനികള്‍ പത്തില്‍ നിന്ന് പതിനഞ്ചായും വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മുപ്പത്തി മൂന്നില്‍ നിന്ന് മുപ്പത്തിയെട്ടു ശതമാനമായും വര്‍ധിപ്പിക്കണം.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം ഇരുപത്തിയെട്ടു ശതമാനം സൗദികളെ ജോലിക്ക് വെക്കേണ്ടി വരും. നിലവില്‍ ഇത് പത്തൊമ്പത് ശതമാനമാണ്. സ്വദേശീവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനനുസരിച്ചു വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും.