സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ചെത്തിയ യുവതി അറസ്റ്റില്‍

single-img
19 July 2017

റിയാദ്: പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ചെത്തി വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് സൗദിയില്‍ യുവതിയെ അറസ്റ്റുചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. തുടര്‍ന്ന് യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ കമന്റിടുകയും ചെയ്തു. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് സൗദിസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യുവതിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസ് രാജ്യത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനയ്ക്ക് വിട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യതലസ്ഥാനത്തിന് വടക്കുഭാഗത്തായി ചരിത്രപ്രാധാന്യമുള്ള പ്രദേശത്തു കൂടി യുവതി നടക്കുന്ന ചിത്രമാണ് സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിനിസ്‌കര്‍ട്ടും ക്രോപ് ടോപുമാണ് വേഷം. കൂടാതെ മുസ്ലീംയുവതികള്‍ നിശ്ചയമായും പുറത്തുപോകുമ്പോള്‍ ധരിച്ചിരിക്കേണ്ട ശിരോവസ്ത്രം ഇല്ലാതെയാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൗരന്‍മാരുടെ വസ്ത്രധാരണത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സൗദിയില്‍ മുഖം മറയ്ക്കാതെ ഇത്തരത്തില്‍ വസ്ത്രധാരണം ചെയ്ത് യുവതിയെത്തിയത് യാഥാസ്തികരെ ഏറെ ചൊടിപ്പിച്ചിരിക്കുകയാണ്.

https://twitter.com/1__shadw/status/886641292750540802