ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ തീരുമാനം

single-img
19 July 2017

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ തന്നെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇതെവിടെയാണ് വരുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2,263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. രണ്ടു ദേശീയപാതകളുടെയും അഞ്ച് പൊതുമരാമത്തു റോഡുകളുടെയും സമീപത്താണു സ്ഥലം. ഇവിടെനിന്നു ശബരിമലയിലേക്ക് 48 കിലോമീറ്റര്‍ ദൂരമാണുള്ളത്. കൊച്ചിയില്‍നിന്ന് 113 കിലോ മീറ്റര്‍ ദൂരമുണ്ട്. ആറന്മുള വിമാനത്താവളത്തിനു പകരമാണ് കോട്ടയത്ത് വിമാനത്താവളം വരുന്നത്.

പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ചിരുന്നു. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ എന്നിവരായിരുന്നു അംഗങ്ങള്‍. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാലു സ്ഥലങ്ങളാണ് സമിതി നിര്‍ദേശിച്ചത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നിവ. ഈ സ്ഥലങ്ങള്‍ പരിശോധിച്ച സമിതി ഇവയുടെ റാങ്കിങ്ങും നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സംസ്ഥാന സര്‍ക്കാരും ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായുള്ള കേസുകള്‍ പരിഹരിക്കാനായാല്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണിപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്. നേരത്തേ ചെറുവള്ളിയില്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡു മാര്‍ഗം മാത്രമാണുള്ളത്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വിമാനത്താവളം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണത്തിനാവശ്യമായ തുക പ്രവാസി വ്യവസായികളില്‍ നിന്നടക്കം സിയാല്‍ മാതൃകയില്‍ ശേഖരിക്കാനാണ് ആലോചന. ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശമാണ് പദ്ധതി വരാന്‍ പോകുന്ന ചെറുവള്ളി.