നാവികസേനാ വിമാനം കടലില്‍ പതിക്കുന്നതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ വൈറല്‍

single-img
19 July 2017


വാഷിങ്ടണ്‍: കടലില്‍ പതിച്ചെന്ന് കരുതിയ അമേരിക്കന്‍ നാവികസേനയുടെ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാകുന്നു. റണ്‍വേയിലൂടെ നീങ്ങി കടലിലേക്ക് തെന്നിയ വിമാനം അവിടെ നിന്നും അത്ഭുതകരമായി മുകളിലേക്ക് പറന്നുയരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കാണുന്നവരുടെ എല്ലാം നെഞ്ചിടിപ്പ് കൂട്ടുന്ന ഈ വീഡിയോ ദൃശ്യം 2016ല്‍ അപകടത്തില്‍പെട്ട ഇ2സി നാവിക വിമാനത്തിന്റേതാണ്.

കടലില്‍ നങ്കൂരമിട്ട കപ്പലിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരുള്‍പ്പടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ ലാന്‍ഡ്‌ചെയ്യാന്‍ ശ്രമിക്കവേ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. കപ്പലില്‍ നിന്നവരെല്ലാം റണ്‍വേ തീരുന്നിടത്തേക്ക് ഓടി എത്തി. എന്നാല്‍, ഏവരെയും അമ്പരപ്പിച്ച് താഴേക്ക് പോയ വിമാനം ഉയര്‍ന്ന് പറക്കുകയായിരുന്നു. വിമാനം പറന്ന് അകലേക്ക് മറഞ്ഞിട്ടും കപ്പലിലുണ്ടായിരുന്ന നാവികസേനാ അംഗങ്ങളുടെ അമ്പരപ്പ് മാറിയിരുന്നില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ സുഗമമായിരുന്നുവെന്നും എന്നാല്‍ ലാന്‍ഡിങ്ങിനു ശേഷമുള്ള റണ്ണിംഗില്‍ എന്‍ജിന്റെ ഭാഗത്തു നിന്ന് ചില വയറുകള്‍ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.