നഴ്‌സുമാരുടെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു; വിഷയം ഗൗരവമേറിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
19 July 2017

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരം ഗൗരവമേറിയതെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോക്‌സഭയില്‍ വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്നുളള എംപിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവര്‍ വിഷയം ലോകസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് സമിതി അറിയിച്ചിരുന്നു.