ഷോട്ട്പുട്ട് താരം മന്‍പ്രീത് ഉത്തേജകമരുന്ന് കുരുക്കില്‍: മെഡല്‍ നഷ്ടമാകും

single-img
19 July 2017

ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍. നിരോധിച്ച മരുന്നു താരം ഉപയോഗിച്ചതായി നാഡ നടത്തിയ ഉത്തേജകമരുന്നു പരിശോധനയില്‍ തെളിഞ്ഞു. ജൂണ്‍ 14 ന് പട്യാലയില്‍ ഫെഡറേഷന്‍ കപ്പിനിടെ നടത്തിയ പരിശോധനയിലാണ് നിരോധിച്ച ഡൈമെഥില്‍ ബ്യൂട്ടലമീന്‍ മന്‍പ്രീത് ഉപയോഗിച്ചതായി നാഡ കണ്ടെത്തിയത്.

ഈ മരുന്ന് രാജ്യാന്തര ഉത്തേജക മരുന്ന് വിരോധ ഏജന്‍സിയുടെ പട്ടികയിലുള്ളതിനാല്‍ ഭുവനേശ്വറില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ലഭിച്ച സ്വര്‍ണം മന്‍പ്രീതിന് നഷ്ടമായേക്കും. അതേസമയം, ലണ്ടനില്‍ നടക്കുന്ന അത്‌ലറ്റിക് മീറ്റില്‍ മന്‍പ്രീതിന് പങ്കെടുക്കാനാകുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

ഇതിനു മുന്നേ ഏപ്രിലില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ 18.86 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. ഗുണ്ടൂരില്‍ നടന്ന അന്തര്‍ദേശീയ അത്‌ലറ്റിക്‌സ് മീറ്റിലും മുന്നിലായിരുന്നു. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നെങ്കിലും 23 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.