തിരുവനന്തപുരത്ത് ഇടതുമുന്നണിയെ അട്ടിമറിച്ച് ബിജെപി: ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം

single-img
19 July 2017

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടതുമുന്നണിയെ അട്ടിമറിച്ച് ബിജെപി വിജയം പിടിച്ചെടുത്തു. മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡാണ് ഇടതുമുന്നണിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 26 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്ന എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 18 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 18 സീറ്റുകളില്‍ 10 എണ്ണം എല്‍.ഡി.എഫും ഏഴെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും നേടി.

കാസര്‍കോട് ബി.ജെ.പി സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കാസര്‍കോട് കടപ്പുറം വാര്‍ഡാണ് ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 79 വോട്ടിനാണ് കോണ്‍ഗ്രസിലെ രഹ്ന വിജയിച്ചത്.