റെക്കോഡിട്ട് കൊച്ചി മെട്രോ: ഒരു മാസത്തെ ടിക്കറ്റ് വരുമാനം മാത്രം നാലുകോടി 62 ലക്ഷം രൂപ

single-img
19 July 2017

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചത്. നാലുകോടി 62 ലക്ഷം രൂപയാണ് ആദ്യമാസത്തെ വരുമാനം. ഒരുമാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 47,646 ആണെന്നും മെട്രൊ അധികൃതര്‍ അറിയിച്ചു. യാത്രാക്കൂലി ഇനത്തില്‍ മാത്രമുളള മെട്രൊയുടെ വരുമാനമാണ് 4,62,27,594 രൂപ. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകള്‍ വരെ മെട്രോയില്‍ യാത്ര ചെയ്തു. വെറും 20,000 പേര്‍ യാത്ര ചെയ്ത ദിവസവും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിക്കുന്നു.

വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ആയിരുന്നു യാത്രക്കാര്‍ കൂടുതല്‍. മറ്റു ദിവസങ്ങളിലെ ശരാശരി യാത്രക്കാരുടെ എണ്ണം 20,000 ആണ്. ഒരു മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിനും പ്രോത്സാഹനത്തിനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നന്ദി അറിയിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ കൗതുകത്തിന് ശേഷവും മികച്ച വരുമാനം ലഭിച്ചത് വലിയ പ്രതീക്ഷയാണ് കെ എം ആര്‍ എല്ലിന് നല്‍കുന്നത്. വരും ദിവസങ്ങളിലും നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍.

മെട്രോയെ രണ്ടും കൈയും നീട്ടി യാത്രക്കാരോട് നന്ദി പറയുന്നതായും മെട്രോയും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാത്രക്കാര്‍ കാണിച്ച ശ്രദ്ധയേയും സൂഷ്മതയേയും അഭിനന്ദിക്കുന്നതായും മെട്രോ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.