കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു; കണ്ണൂരിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരം നിര്‍ത്തി

single-img
19 July 2017

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരം നടത്തുന്ന നഴ്‌സുമാര്‍ക്കു പകരം അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ജോലിക്കു കയറണമെന്ന ഉത്തരവ് കലക്ടര്‍ മരവിപ്പിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.

സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കേതിരെ യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറും. കലക്ടറും സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം.

നഴ്‌സുമാരുടെ സമരം നേരിടുന്നതിനുവേണ്ടി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ജോലിക്കു കയറണമെന്നു കലക്ടര്‍ ഞായറാഴ്ചയാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ പഠിപ്പുമുടക്കി സമരം നടത്തി വരികയായിരുന്നു. അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം.