‘ഉലകനായകന്‍ മുതല്‍വനാകുമോ’?: കമല്‍ഹാസന്റെ കവിത സൂചിപ്പിക്കുന്നതെന്ത്

single-img
19 July 2017


ചെന്നൈ: കമല്‍ഹാസന്‍ ആരാധകര്‍ ആവേശത്തിലാണ്. മറ്റൊന്നുമല്ല കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ച 11 വരി കവിതയാണ് ഇതിനു പിന്നില്‍. ഇതില്‍ ഉലകനായകന്‍ മുതല്‍വര്‍ ആയേക്കും എന്നു സൂചന നല്‍കുന്നുണ്ട്. ‘മുതല്‍വന്‍’ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രിയെന്നാണര്‍ത്ഥം.

ഇതുസൂചിപ്പിക്കുന്നത് കമലിന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അര്‍ജുന്‍ നായകനായ ശങ്കര്‍ ചിത്രം ‘മുതല്‍വനും’ ഇതിനിടയില്‍ ആളുകള്‍ കമലിന്റെ കവിതയെ ഉയര്‍ത്തി ചൂണ്ടികാണിക്കുന്നുണ്ട്. ചിത്രത്തില്‍ ഒറ്റദിവസത്തെ മുഖ്യമന്ത്രിയായെത്തി നാടിനെ നന്നാക്കുന്ന ഒരു ക്രൗഡ് പുള്ളറായ പൊളിറ്റീഷ്യനും മാധ്യമപ്രവര്‍ത്തകനുമായാണ് നായകനായ അര്‍ജുന്‍ സിനിമയില്‍.

അതേസമയം, ‘മുതല്‍വന്‍’ എന്ന വാക്ക് കമല്‍ കവിതയില്‍ ഉപയോഗിച്ചിരിക്കുന്നത് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുകയാണ്. ‘ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിളംബരമായാണ് തമിഴാളര്‍ കണക്കുകൂട്ടുന്നത്.

‘നമുക്ക് വിമര്‍ശിക്കാം. ആരും ഇപ്പോള്‍ രാജാവല്ല. നമുക്ക് ആഹ്ലാദത്തോടെ കുതിച്ചുയരാം, നമ്മള്‍ അവരെപ്പോലെ രാജാക്കന്‍മാരല്ലല്ലോ. തുരത്തപ്പെട്ടാല്‍, മരിച്ചാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ നിനച്ചാല്‍, തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ?, കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ?, അവരെ വിഡ്ഡികളെന്ന് എഴുതി തള്ളുന്നത് മണ്ടത്തരമാണ്. ‘ നാളെ ഇംഗ്ലീഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാവും എന്ന ചെറിയൊരു പ്രസ്താവനയും കവിതയില്‍ ഒളിപ്പിച്ചാണ് കമല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.