വാഹന പ്രേമികളെ ഞെട്ടിച്ച് ജാഗ്വാര്‍ ഇ-പേസ് ഗിന്നസ് റെക്കോഡിലേക്ക്

single-img
19 July 2017

ലണ്ടന്‍: പുതുമയാര്‍ന്ന പെര്‍ഫോമന്‍സുകളിലൂടെ വാഹന പ്രേമികളുടെ മനസില്‍ ഇടം നേടിയ ജാഗ്വാര്‍ ഇനി ഗിന്നസ് റെക്കോര്‍ഡിലും. പുതിയ മോഡലായ കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവി ഇപേസിനെ വളരെ വ്യത്യസ്തമായ ശൈലിയിലൂടെ വിപണിയില്‍ അവതരിപ്പിച്ച് ഗിന്നസ് റെക്കാഡില്‍ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍.

കാര്‍ സ്റ്റണ്ട് വിഗദ്ധന്‍ ടെറി ഗ്രാന്‍ഡിന്റെ നിയന്ത്രണത്തില്‍ 15.3 മീറ്റര്‍ ദൂരം വായുവില്‍ കരണം മറിഞ്ഞ്, സുരക്ഷിതമായി നാല് ചക്രങ്ങളും നിലംതൊട്ട് പറന്നിറങ്ങിയുള്ള ഇപേസിന്റെ അവതരണത്തിലൂടെയാണ് ജാഗ്വാര്‍ ലോകത്താകമാനമുള്ള വാഹനപ്രേമികളെ ഞെട്ടിച്ചുകളഞ്ഞത്.

270 ഡിഗ്രിയാണ് കാര്‍ വായുവില്‍ തിരിഞ്ഞത്. ഈ കുതിപ്പിനായി ഇപേസ് ഓടിയതാകട്ടെ 160 മീറ്റര്‍ ദൂരം മാത്രവും. ലണ്ടനില്‍ നടന്ന ചടങ്ങില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇപേസ് കരണം മറിച്ചില്‍, സുരക്ഷിതമായി പൂര്‍ത്തിയാക്കിയതോടെ ജാഗ്വാറിന്റെ പുതിയ മോഡല്‍ ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

ജാഗ്വാറിന്റെ പേസ് ലൈനപ്പിലെ രണ്ടാമത്തെ പെര്‍ഫോമന്‍സ് എസ്.യു.വിയാണ് ഇപേസ്. എക്‌സ്ഇ, എഫ്‌പേസ് മോഡലുകള്‍ ജാഗ്വാറിന് വലിയ വിജയം സമ്മാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജാഗ്വാറിന്റെ ആകെ വില്‍പ്പനയുടെ 83 ശതമാനവും എഫ്‌പേസാണ് സംഭാവന ചെയ്തത്.

ജാഗ്വാര്‍ എഫ്‌പേസിന്റെ അനുജനാണ് ഇപേസ് എന്നുവേണമെങ്കില്‍ പറയാം. ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവയില്‍ എഫ്‌പേസുമായി സാമ്യം കാണാം. ഹെഡ്‌ലാമ്പുകള്‍ മുന്‍ഗാമിയുടെ അതേ ഡിസൈന്‍ പാറ്റേണ്‍ പിന്തുടരുമ്പോള്‍ ബോണറ്റിലും വലിയ മാറ്റമില്ല. എഫ്‌പേസിനേക്കാള്‍ ഈ എസ്യുവിക്ക് വലുപ്പം കുറവാണ്.

ജാഗ്വാര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് എസ്.യു.വി കൂടിയായ ഇപേസ്, 2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനുമായി വൈകാതെ തന്നെ ഇന്ത്യന്‍ നിരത്തുകളിലുമെത്തും.