‘കൊച്ചി രാജാവല്ല’; “അതുക്കുംമേലെ”: ദിലീപിന് 600 കോടിയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം

single-img
19 July 2017

നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ മറ്റു പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍, മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

നടിയെ ഉപദ്രവിച്ച കേസില്‍ പ്രത്യേക പൊലീസ് സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.

അതേസമയം മലയാളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധനവിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു. ഇതിനിടെ കുമരകത്തും ദിലീപ് ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദേശം നല്‍കി. കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലാണ് നടന്‍ ദിലീപ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന ആരോപണം ഉയര്‍ന്നത്.