Kerala

സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണം:’ഡി സിനിമാസി’ന്റെ രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് നോട്ടീസ്


തൃശൂര്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന വിവാദം നേരിടുന്ന ചാലക്കുടിയിലെ ഡി സിനിമാസിന്റ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥനായ നടന്‍ ദിലീപിന് നോട്ടീസ്. ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി ദിലീപ് അടക്കം ഏഴു പേര്‍ക്കാണ് ജില്ലാ സര്‍വെ സൂപ്രണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 27ന് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് തീരുമാനിച്ചതായാണ് വിവരം.

ദിലീപിന്റെ ‘ഡി സിനിമാസ്’ ഭൂമി കയ്യേറിയെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭൂമി സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ ഡോ. എ. കൗശിഗന്‍ മന്ത്രിക്ക് കൈമാറിയിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കയ്യേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയ്യേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ടെന്നും ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് 27ന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ സുതാര്യമായും സൂക്ഷ്മതയോടും നിര്‍വഹിക്കണമെന്ന് ജില്ലാഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കി ഏഴ് ദിവസത്തിന് ശേഷം ഭൂമി അളക്കല്‍ നിശ്ചയിച്ചിരിക്കുന്നത്. ദിലീപ് അല്ലെങ്കില്‍ പ്രതിനിധി സ്ഥലത്തെത്തി അളക്കല്‍ നടപടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ സര്‍വേ സൂപ്രണ്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ (മുന്‍ മുകുന്ദപുരം താലൂക്കിന്റെ ഭാഗം) കിഴക്കെ ചാലക്കുടി വില്ലേജില്‍ 680/1, 681/1 എന്നീ സര്‍വേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്ണന്‍ എന്ന നടന്‍ ദിലീപ് വാങ്ങിയത്. സര്‍ക്കാര്‍വക ഭൂമിയില്‍ കൃത്രിമ ആധാരങ്ങള്‍ ഉണ്ടാക്കി അനധികൃത നിര്‍മാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കളക്ടര്‍ക്ക് ആദ്യം ലഭിച്ച പരാതി. സര്‍ക്കാര്‍വക തോടും ദേവസ്വം ഭൂമിയും കയ്യേറിയെന്നും പരാതിക്കാരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാന്‍ വക വസ്തുക്കളാണ് സര്‍വേ നമ്പര്‍ 680ല്‍ ഉള്‍പ്പെട്ടസ്ഥലം. അത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുര നിന്നിരുന്ന സ്ഥലമാണ്. സര്‍വേ നമ്പര്‍ 680/1 ലെ സ്ഥലം തോട് പുറമ്പോക്കാണ്. ഇപ്പോള്‍ ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്.

റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് 680/1ല്‍ നിന്ന് 23 സെന്റ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ബാക്കി വസ്തു ക്ഷേത്രവുമായി ബന്ധമില്ലാതെ കിടന്നു. ആ ഭൂമിക്ക് കള്ള പ്രമാണമുണ്ടാക്കി കൈയേറ്റം നടത്തിയെന്നായിരുന്നു കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സന്തോഷ് ചൂണ്ടിക്കാണിച്ചത്.

പരാതിയില്‍ അന്നത്തെ കലക്ടര്‍ എം.എസ്. ജയ നടപടി സ്വീകരിക്കാത്തതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം കളക്ടര്‍ അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കണമെന്നായിരുന്നു 2013 ജൂലൈ 3 ലെ കോടതി ഉത്തരവ്. എന്നാല്‍ കലക്ടറുടെ ഉത്തരവ് ദിലീപിന് അനുകൂലമായിരുന്നു.

ഈ ഉത്തരവ് ഇറക്കുമ്പോള്‍ കലക്ടറുടെ മേശപ്പുറത്ത് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചാലക്കുടി അഡീഷണല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കൂടി ഉണ്ടായിരുന്നു. ബി.ടി.ആര്‍ രേഖകള്‍ പ്രകാരം പണ്ടാരവക പാലിയത്ത് പുത്തന്‍ കോവിലകത്തിന്റെ 17.5 സെന്റും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ 17.5 സെന്റ് ഭൂമിയും അദ്ദേഹം കണ്ടത്തി.

സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തോട് പുറമ്പോക്കായി 35 സന്റെ് സ്ഥലവുമുള്ളതായി തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ട് ‘തോട് പുറമ്പോക്കില്‍ ഉള്‍പ്പെടുന്ന ഭൂമിയല്ല’ എന്ന സര്‍വേയറുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കലക്ടര്‍ എം.എസ് ജയ പരാതി തള്ളി ഉത്തരവിറക്കുകയായിരുന്നു.